cv
ബീച്ചിലെ പ്ലാസ്റ്റിക് ബൂത്തിൽ മറ്റ് മാലിന്യങ്ങൾ നിക്ഷേപിച്ച നിലയിൽ

# ബീച്ചിലെ പ്ളാസ്റ്റിക് ബോട്ടിൽ ബൂത്തിൽ ഭക്ഷണ മാലിന്യങ്ങളും തള്ളുന്നു

ആലപ്പുഴ: ബീച്ചിലെത്തുന്ന സഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകൾ പ്രകൃതിക്ക് ദോഷമാകാതിരിക്കാൻ ഇവയ്ക്കു വേണ്ടി സ്ഥാപിച്ച ബോട്ടിൽ ശേഖരണ ബൂത്തുകൾ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. പ്ലാസ്റ്റിക്ക് കുപ്പികൾക്ക് പുറമേ, ഭക്ഷണ അവശിഷ്ടങ്ങളടക്കമാണ് ഇവിടങ്ങളിൽ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്.

ബീച്ചിലെ തട്ടുകടകളിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച ശേഷം പേപ്പർ പ്ലേറ്റുകളടക്കമാണ് ബൂത്തിൽ നിക്ഷേപിക്കുന്നത്. ബൂത്തിനുള്ളിൽ കുപ്പിയിടാൻ സൗകര്യമുണ്ടായിട്ടും മറ്റ് മാലിന്യങ്ങൾ നിക്ഷേപിക്കാൻ വേണ്ടി ബൂത്തിന്റെ വാതിലും പൂട്ടും തകർത്തിട്ടിരിക്കുകയാണ്. തെരുവുനായ്ക്കളുടെ ശല്യം കൂടുതലായതിനാൽ, ഇവ ഇവിടെ നിന്ന് ഭക്ഷണാവശിഷ്ടമടക്കം പുറത്തേക്ക് വലിച്ചിടുന്നതും പതിവായി. വിജയ പാർക്കിന് തെക്കുവശവും, പൊലീസ് കൺട്രോൾ റൂമിന് വടക്ക് വശവുമാണ് നഗരസഭ ബൂത്തുകൾ സ്ഥാപിച്ചിരിക്കുന്നത്. പ്രദേശത്തെ ഭക്ഷണ ശാലകളിൽത്തന്നെ അതത് സ്ഥാപനത്തിലെ മാലിന്യങ്ങൾ ശേഖരിക്കാൻ സംവിധാനമുണ്ട്. എന്നിട്ടും ഇവ ബൂത്തുകളിൽ നിക്ഷേപിക്കുന്നതിൽ ആരും എതിർപ്പ് പ്രകടിപ്പിക്കാത്തതിനാലാണ് ദിവസം തോറും മാലിന്യത്തിന്റെ തോത് വർദ്ധിക്കുന്നത്.

# അവരെയും വലയ്ക്കുന്നു

നിറഞ്ഞുകിടക്കുന്ന മാലിന്യ കൂമ്പാരത്തിനിടയിൽ നിന്നു പ്ലാസ്റ്റിക്ക് കുപ്പി വേർതിരിച്ചെടുക്കേണ്ട ഗതികേടിലാണ് ശുചീകരണ തൊഴിലാളികൾ. നായ്ക്കൾ ബൂത്തിനുള്ളിൽ കടന്നാണ് ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കുന്നത്. ദിവസങ്ങൾ പഴകിയ മാലിന്യത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നതും പതിവാണ്. പ്രദേശത്തെ ചപ്പുചവറുകൾ വാരാൻ തൊഴിലാളികളുണ്ട്. എന്നാൽ ബൂത്തിൽ നിക്ഷേപിക്കുന്ന ഇത്തരം മാലിന്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ തൊഴിലാളികൾക്കും വ്യക്തതയില്ല.

ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിക്കാൻ അതത് കടകളിൽ തന്നെ സംവിധാനം വേണം. മാലിന്യം ജനങ്ങൾ പുറത്ത് നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ വ്യാപാരികൾ ശ്രദ്ധിക്കണം. പ്ലാസ്റ്റിക്ക് കുപ്പി ഒഴികെ മറ്റൊരു മാലിന്യവും ബൂത്തിൽ നിക്ഷേപിക്കാതിരിക്കാൻ സംവിധാനമുണ്ടാവണം

സലിം, പ്രദേശവാസി