photo

ചേർത്തല: കയർമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം തേടി കയർ സംഘം ജീവനക്കാരും സമരത്തിലേക്ക്. കയർ സംഘങ്ങൾ സ്തംഭിക്കുന്ന സ്ഥിതിയായിട്ടും ഇടപെടലുകളുണ്ടാകാത്തതിൽ പ്രതിഷേധിച്ച് സമരത്തിനിറങ്ങാൻ കേരള കയർ കോ-ഓപ്പറേ​റ്റീവ് എംപ്ലോയീസ് യൂണിയൻ യോഗം തീരുമാനിച്ചു. സംഘങ്ങളിൽ ഉത്പാദിപ്പിക്കുന്ന കയർ കയർഫെഡ് സംഭരിക്കുന്നില്ലെന്ന് യോഗം ആരോപിച്ചു. തൊഴിലാളികൾക്ക് കൂലി വിതരണം സംഘങ്ങളിൽ മുടങ്ങിയിരിക്കുകയാണ്. ഇതിനുപുറമേ ഓണക്കാലത്തു സംഭരിച്ച കയറിന്റെ 50 ശതമാനം തുകപോലും സംഘങ്ങൾക്ക് നൽകിയിട്ടില്ല. കയറിന്റെ ഉത്പാദന ചെലവിന്റെ 70 ശതമാനവും ലഭി​ക്കാത്ത സാഹചര്യത്തി​ലാണ് സംഘങ്ങളിൽ കയർ കെട്ടികിടക്കുന്നത്. പലേടത്തും സൂക്ഷിക്കാനുള്ള സൗകര്യമില്ലാത്തതിനാൽ കയർ നശിക്കുന്ന സ്ഥിതിയുമുണ്ട്. സംഘങ്ങൾക്ക് നൽകിയ യന്ത്റങ്ങൾ നിലവാരമില്ലാത്തതിനാൽ പ്രവർത്തന രഹിതമാണ്. വലപ്പാ നിർമ്മാണം പൂർണമായും നിലച്ചു.
ചേർത്തലയിൽ നടന്ന മേഖല കൺവൻഷൻ സംസ്ഥാന രക്ഷാധികാരി സി.ശശികുമാർ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ പ്രോജക്ട് പ്രസിഡന്റ് ടി.വി.കാർത്തികേയൻ അദ്ധ്യക്ഷനായി. സുനിൽകുമാർ മാടൻ വിള,മാധവൻ കണ്ണൂർ,എസ്.അശോകൻ,സൂരജ് ,ശാന്ത, അജിത,ഷീജ,രേഖ, സോമിനി ബിനി,സീന,നവ്യ തുടങ്ങിയവർ പങ്കെടുത്തു.