yjj
വീയപുരം മുണ്ടുതോട് പോളത്തുരുത്ത് പാടശേഖരം

ഹരിപ്പാട്: വീയപുരം കൃഷിഭവൻ പരിധിയിലെ 365 ഏക്കർ വ്യാപ്തിയുള്ള മുണ്ടുതോട് - പോളത്തുരുത്ത് പാടശേഖരം പുഞ്ചകൃഷിയിക്കു സജ്ജമായി. മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.

കഴിഞ്ഞ കൃഷി സീസണിൽ പാടശേഖരത്തിൽ വൻ തോതിലാണ് വരിനെല്ല് വ്യാപിച്ചത്. കൂടാതെ കള ശല്യവും മറികടക്കേണ്ടി വന്നു. അടുത്ത പുഞ്ചയിലും ഇത് ആവർത്തിക്കാതിരിക്കാൻ ഇക്കുറി പാടശേഖരത്തിലെ പ്രാരംഭ മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ച് പമ്പിംഗ് നടത്തി വെള്ളം പൂർണ്ണമായും വറ്റിച്ചു. ഇനി പാടശേഖരം ഉണക്കി കളകളും വരിയും കിളിർപ്പിച്ച ശേഷം വെള്ളം കയറ്റി പത്ത് ദിവസത്തിനു ശേഷം കിളിർത്തവ നശിപ്പിക്കും. വരിയെ പ്രതിരോധിക്കാൻ ഈ ഒരു മാർഗ്ഗമേ കൃഷി വകുപ്പിനും കർഷകർക്കും അറിയൂ.

മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ച കർഷകർ വിതയിറക്കിനു മുമ്പ് പാടത്ത് ലവണാംശത്തെ പ്രതിരോധിക്കാനുള്ള നീറ്റു കക്കയോ, ഡോളോ മൈറ്റോ കണ്ടെത്താനും വിത്ത് സംഭരിക്കാനുമുള്ള ശ്രമത്തിലാണിപ്പോൾ. കാലാവസ്ഥ വ്യതിയാനം സംഭവിച്ചില്ലെങ്കിൽ നവംബർ ആദ്യ വാരം വിത പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പാടശേഖര സമിതി സെക്രട്ടറി സൈമൺ ഏബ്രഹാം പറഞ്ഞു.