amalu-sreerang
അമലു ശ്രീരംഗ്

മാന്നാർ: പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ നവംബർ അഞ്ചിന് നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി മാന്നാർ നായർസമാജം സ്ക്കൂൾ മൈതാനിയിലെ ചെങ്ങന്നൂർ പെരുമ സർഗ്ഗോത്സവത്തിന്റെ രണ്ടാംദിവസം നൃത്തസന്ധ്യയിൽ എം.ജി യൂണിവേഴ്സിറ്റി കലാതിലകം അമലു ശ്രീരംഗിന്റെ നൃത്തച്ചുവടുകൾ കാണികളിൽ വിസ്മയം തീർത്തു. തിങ്ങിനിറഞ്ഞ സദസ് ഒന്നടങ്കം അമലുവിന്റെ നൃത്തത്തിൽ ലയിച്ചു.

എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ ബുധനൂർ ശ്രീരംഗിൽ അനിൽ പി.ശ്രീരംഗത്തിന്റെയും വിജി അനിലിന്റേയും ഏക മകളായ അമലു ശ്രീരംഗ്
കാലടി സംസ്കൃത സർവ്വകലാശാല മുൻ ശാസ്ത്രീയ നൃത്തവിഭാഗം മേധാവി ഡോ.വേണു ഗോപാലൻ നായരുടെയും പ്രൊഫ.വിനയചന്ദ്രന്റെയും ശിക്ഷണത്തിലാണ് നൃത്തം അഭ്യസിക്കുന്നത്. ബുധനൂർ കേന്ദ്രമായി നൃത്തവിദ്യാലയം നടത്തുന്ന അമലു ആനിമേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

2022 ൽ തൊടുപുഴയിൽ നടന്ന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ റെക്കാഡോടെ കലാതിലക പട്ടം കരസ്ഥമാക്കിയ അമലു, ഒരാൾക്ക് മത്സരിക്കാൻ കഴിയുന്ന നാല് നൃത്തഇനങ്ങളിലും ഒന്നാംസ്ഥാനം നേടിയാണ് മിന്നിത്തിളങ്ങിയത്. ഭരതനാട്യം, കേരളനടനം, മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ ഇനങ്ങളിലാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയത്. വീണ വായനയിൽ ഒന്നാംസ്ഥാനം നേടിയെങ്കിലും സ്ട്രിംഗ് ഇൻസ്ട്രമെന്റ്സ് ഈസ്റ്റേണിൽ മൂന്നാംസ്ഥാനമായി കണക്കാക്കി കലോത്സവത്തിൽ 21 പൊയിന്റോടെ കലാതിലകമായി. സംസ്ഥാന-ജില്ലാ സ്കൂൾ കലോത്സവങ്ങളിലും സി.ബി.എസ്.ഇ കലോത്സവങ്ങളിലും സമ്മാനങ്ങൾ വാരിക്കൂട്ടിയ അമലു നാലോളം സിനിമകൾക്ക് വി.എഫ്.എക്സ് ഒരുക്കിയിട്ടുണ്ട്.

ചെങ്ങന്നൂർ പെരുമയുടെ സംഘാടകസമിതി ചെയർമാൻ സജി ചെറിയാൻ എം.എൽ.എ അമലു ശ്രീരംഗിനെ സർഗ്ഗോത്സവം വേദിയിൽ വച്ച് പൊന്നാടയണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു. സംസ്ഥാന ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്ജ്, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി എന്നിവരും വേദിയിലെത്തി അമലുവിനെ അഭിനന്ദിച്ചു.