
മാന്നാർ: ചെന്നിത്തല ചെറുകോൽ അയ്യപ്പക്ഷേത്രത്തിനു സമീപമുള്ള വിവാഹ വീട്ടിൽ ഞായറാഴ്ച രാത്രിയിൽ ഏഴംഗസംഘം നടത്തിയ അക്രമത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ചെറുകോൽ ചിത്തിരയിൽ മിഥുൻ (26), ചെറുകോൽ വിഷ്ണു നിവാസിൽ മനോജ് (26) എന്നിവർക്കാണ് തലയ്ക്ക് പരിക്കേറ്റത്. പ്രതികളായ ചെറുകോൽ സംഗീത് ഭവനത്തിൽ സംഗീത് (20), ചെറുകോൽ ഇടശേരിയത്ത് വീട്ടിൽ ജിഷ്ണു (22), ചെറുകോൽ ഗോകുൽ നിവാസിൽ ഗോകുൽ കൃഷ്ണ (18) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ചെന്നിത്തല ചെറുകോലുള്ള വരന്റെ വീട്ടിൽ അടുക്കള കാണൽ ചടങ്ങ് നടക്കുന്നതിനിടെയാണ് അക്രമം നടന്നത്. ചടങ്ങ് നടക്കുന്നതിനിടെ പ്രതികൾ ബൈക്കിൽ ചീറിപ്പാഞ്ഞു ഭീതി പരത്തുകയും വീടിന് മുന്നിലെത്തി അസഭ്യം പറയുകയും ചെയ്തു. ആവർത്തിച്ചപ്പോൾ വിവാഹ വീട്ടിലെ ആളുകൾ ചോദ്യം ചെയ്തതിനെ തുടർന്ന് ഇവർ പോയി സുഹൃത്തുക്കളുമായി വന്ന് അക്രമം നടത്തുകയായിരുന്നു. കണ്ടാൽ അറിയാവുന്ന നാല് പ്രതികളെ കൂടി പിടികൂടാനുണ്ട്. മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. ജി.സുരേഷ് കുമാർ, എസ്.ഐമാരായ അഭിരാം, ബിജുക്കുട്ടൻ, ജി.എസ്.ഐ സജികുമാർ, സീനിയർ സിവിൽ പോലിസ് ഓഫീസർ ദിനീഷ് ബാബു, സിവിൽ പൊലീസ് ഓഫീസർ ജഗദീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.