online-app

വായ്‌പകൾക്കായി ബാങ്കുകൾ കയറിയിറങ്ങാതെ ഞൊടിയിടയിൽ അക്കൗണ്ടുകളിൽ പണമെത്തിക്കുന്ന ലോൺ ആപ്പുകൾക്ക് പിന്നാലെ പായുന്നവർ ജാഗ്രത പുലർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അവരുടെ കെണികളിൽ കുടുങ്ങി ആത്മഹത്യചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ഒന്നും ചെയ്യാനാവാതെ അധികൃതർ കൈമലർത്തുമ്പോൾ ജാഗ്രത മാത്രമാണ് നമ്മുടെ മുന്നിലുള്ള പ്രതിരോധമെന്ന് ഒാർക്കുക.

അത്യാവശ്യക്കാർ ആശ്രയമായി കരുതുന്ന 'ഇൻസ്റ്റന്റ് ലോൺ ആപ്പു'കൾ ഭാവിജീവിതത്തിനു തന്നെ ആപ്പുവയ്ക്കുന്ന അവസ്ഥയായതോടെ ജാഗ്രതാ നിർദ്ദേശവുമായി പൊലീസും രംഗത്തെത്തി. ഞൊടിയിടയിൽ അക്കൗണ്ടിൽ പണമെത്തുന്നതിനാൽ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന പലരും കെണിയിലാവുന്നതും ഇതേ വേഗത്തിലാണ്. പണം കടമെടുക്കുന്നയാൾ തിരിച്ചടവിൽ വീഴ്ചവരുത്തിയാലോ, മൊത്തം തുക പലിശ സഹിതം തിരിച്ചടച്ചാലോ സ്മാർട് ഫോണിൽ നിന്ന് ഫോട്ടോകൾ ഉൾപ്പടെയുള്ള വിവരങ്ങൾ ചോർത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ച് ബ്‌ളാക്ക് മെയിൽ ചെയ്യുന്ന തരത്തിലേക്ക് ലോൺ ആപ്പുകളുടെ ഭീഷണി വളർന്നു.

ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഫോണിലെ കോൺടാക്ട്‌സ്, ഗാലറി എന്നിവ ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ കൈക്കലാക്കും. ലോൺ ലഭിക്കാൻ ഫോട്ടോ, ആധാർകാർഡ്, പാൻകാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് വാങ്ങും. ലോൺ തുകയിൽ നിന്നു വലിയൊരു തുക കിഴിച്ചശേഷം ബാക്കി തുകയായിരിക്കും നൽകുന്നത്. കൃത്യമായി തിരിച്ചടച്ചാലും വരവു വയ്ക്കില്ല. ലോൺ മുടങ്ങിയെന്നപേരിൽ പണവും പലിശയും ആവശ്യപ്പെടും. ലോൺ വാങ്ങിയ ആളുടെ കോൺടാക്ട് ലിസ്റ്റ് ഉപയോഗിച്ച് സ്ത്രീകളുടെ പ്രൊഫൈൽ ചിത്രങ്ങൾ മോർഫ് ചെയ്യുന്നതാണ് പ്രധാന കെണി. മോർഫ് ചെയ്ത ചിത്രം ലോൺ എടുത്തയാൾക്കും കോൺടാക്ട് ലിസ്റ്റിലുള്ളയാൾക്കും അയയ്‌ക്കുന്നതോടെ ബ്ളാക്ക്മെയിലിംഗിന്റെ ആദ്യ ഘട്ടം തുടങ്ങും. പിന്നീട് ലോൺ തിരിച്ചടച്ചില്ലെങ്കിൽ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. ഉപഭോക്താവ് വഴങ്ങിയില്ലെങ്കിൽ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നു. ഫേക്ക് ഐഡികളിൽ നിന്നും വ്യാജമായി സൃഷ്ടിച്ച വാട്‌സാപ്പ് നമ്പറുകളിൽ നിന്നുമായിരിക്കും ഇത്തരക്കാർ മെസേജുകൾ അയയ്‌ക്കുന്നത്. ഇരയാകുന്നവർ നാണക്കേട് ഓർത്ത് പരാതിപ്പെടില്ല. ഇതോടെ കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയും ചെയ്യും.

അടിയന്തര ഘട്ടങ്ങളിൽ പണം ആവശ്യമായി വരുമ്പോഴാണ് കൂടുതൽ ആളുകളും പണത്തിനായി ഓൺലൈൻ ആപ്പുകളെ സമീപിക്കുന്നത്. ബാങ്ക് ലോൺ എടുക്കാനുള്ള നടപടിക്രമങ്ങളുടെ നൂലാമാലകളും അതിന്റെ പിന്നാലെ നടക്കേണ്ടിവരുന്ന സമയനഷ്ടവുമൊക്കെ ഇത്തരം ആപ്പുകളെ ആശ്രയിക്കാൻ ആളുകളെ നിർബന്ധിതരാക്കുന്നു. ഒരു സുഹൃത്തിനോടെന്ന പോലെ കടം വാങ്ങാമെങ്കിലും സമയത്ത് തിരിച്ച് അടയ്ക്കാനായില്ലെങ്കിൽ ജീവൻ വെടിയേണ്ട അവസ്ഥയിലെത്തിക്കുമെന്നതാണ് ഈ ആപ്പുകളുടെ ദുരന്തം. ഓൺലൈൻ വായ്‌പയെടുത്ത് വാഹനം വാങ്ങുന്നവരും ഫോണെടുക്കുന്നവരുടെയും എണ്ണം ദിനംപ്രതി കൂടി വരുകയാണ്. അതിനനുസരിച്ച് ഓൺലൈൻ ആപ്പുകളുടെ ചതിക്കുഴിയിലും വീഴുന്നു. ഫോണിലൂടെ കെ.വൈ.സി വിവരങ്ങൾ നൽകിയാൽ പെട്ടെന്ന് വായ്പ കിട്ടുമെന്നതിനാൽ ഇത്തരം ആപ്ളിക്കേഷനിൽ കൂടുതൽ പേർ ആകൃഷ്‌ടരാകുന്നു. ഒാൺലൈൻ ചൂതാട്ട, വാതുവയ്‌പ്പ് ആംപ്ളിക്കേഷനുകൾ കൂടുതലായി ഉപയോഗിക്കുന്നവരും അത്യാവശ്യമായി പണം ആവശ്യപ്പെടുന്നവരുമാണ് ഇത്തരം ആപ്പുകളുടെ കെണിയിൽ വീഴുന്നത്. ഒാൺലൈൻ റമ്മി ആപ്ളിക്കേഷനുകളെ പോലെ നിരവധി ചൂതാട്ട വെബ്സൈറ്റുകൾ നിലവിലുണ്ട്. ഗൂഗിളിൽ പഴ്സണൽ വായ്പ തിരയുന്നവരുടെ വിവരങ്ങളിൽ നിന്ന് സെർച്ച് എൻജിൻ വഴി എത്തുന്ന പരസ്യങ്ങളുണ്ടാകും. ഇവയിലൂടെ പണം നഷ്‌ടപ്പെടുന്ന ആളുകളിലേക്ക് പണം കടം തരാമെന്ന വാഗ്ദാനമായി ലോൺ ആപ്പുകൾ പ്രത്യക്ഷപ്പെടും. ചിലപ്പോൾ ചൂതാട്ട ആപ്‌ളിക്കേഷനുകളായി ഇവയ്‌ക്ക് നേരിട്ട് ബന്ധമുണ്ടാകും.എസ്.എം.എസ്. ഇ- മെയിൽ വഴിയും ഇരകളെ കണ്ടെത്തുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ആപ്പുകളിലൂടെ പണമെടുക്കുമ്പോൾ വലിയ പലിശ നിരക്കിനെക്കുറിച്ച് ആരും ചിന്തിക്കാറുമില്ല. റിസർവ് ബാങ്കിന്റെ അനുമതിയുള്ള ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും മാത്രമേ ഓൺലൈൻ മാർഗങ്ങളിലൂടെ നിയമപരമായി പണം നൽകാൻ കഴിയൂ. പലിശയും അത് ഈടാക്കാനുള്ള രീതിയും റിസർവ് ബാങ്ക് നിർദ്ദേശങ്ങൾക്ക് അനുസൃതമാണ്. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് ഓൺലൈൻ ആപ്പുകൾ പ്രവർത്തിക്കുന്നതെന്ന കാര്യം ഓരോരുത്തരും മനസിലാക്കണം. അതിനാൽ ഇവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കാര്യമായി അധികാരികൾക്ക് ഇടപെടാനാവില്ല.

അനധികൃത ലോൺ ആപ്പുകളുടെ പ്രവർത്തനം തടയാൻ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ എല്ലാ മന്ത്രാലയങ്ങളോടും ഏജൻസികളോടും കേന്ദ്രം ധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇത്തരം നടപടികളുടെ മേൽനോട്ടവും ധനമന്ത്രാലയം നടത്തും. വ്യാജ ചൈനീസ് ലോൺ ആപ്ലിക്കേഷനുകളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ക്യാമ്പയിനും തുടക്കം കുറിച്ചിട്ടുണ്ട്. ഇത്തരം ആപ്പുകൾക്കെതിരേ സാദ്ധ്യമായ എല്ലാ നടപടികളും കൈക്കൊള്ളാൻ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രം നിർദ്ദേശം നൽകിയെങ്കിലും കാര്യമായ ഒരു നടപടിയും സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല. ബംഗ്ളുരൂവിൽ എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് നടത്തിയ പരിശോധനയിൽ പ്രാദേശികമായി നിയമിക്കുന്ന വ്യാജ ഡയറക്ടർമാരെയും കമ്പനികളെയും മറയാക്കിയാണ് ചൈനീസ് കമ്പനികൾ ഇത്തരം തട്ടിപ്പുകൾ നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. ഒരു തട്ടിപ്പ് വഴി അടയുമ്പോൾ നൂറുവഴികൾ തുറക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഈ തട്ടിപ്പു വഴികളിലൂടെ സഞ്ചരിക്കാൻ തയാറായി നിൽക്കുന്നവരുടെ നീണ്ട നിരയുള്ളടത്തോളം ആപ്പ് നിരോധന നീക്കങ്ങളും ഫലപ്രദമാകില്ല.

വായ്പയും പലിശയും പെരുകി തിരിച്ചടയ്‌ക്കാൻ ഗതിയില്ലാതെ ആവുന്നതോടെ മറ്റൊരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശമെത്തും. അതിലൂടെ പുതിയൊരു വായ്‌പകൂടി പാസാക്കി നൽകും. ഇൗ തുകയും ആദ്യത്തെ വായ്‌പയിൽ വരവുവച്ച് കൂടുതൽ കടക്കെണിയിലാക്കും. ചൈനീസ് പശ്‌ചാത്തലത്തിലുള്ള ആപ്പുകളാണ് ഇതിന് പിന്നിലെന്ന് മനസിലായതോടെയാണ് ചില ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചത്. എന്നാൽ, അവർ വീണ്ടും വേഷം മാറി രംഗത്തെത്തുകയാണ്. അതിനാൽ ഉപഭോക്‌താക്കൾ കൂടുതൽ ജാഗ്രത പുലർത്തുകയാണ് വേണ്ടത് ആപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ റിസർവ് ബാങ്കിന്റെ അംഗീകാരമുണ്ടോയെന്ന് ഉറപ്പു വരുത്തുന്നത് തട്ടിപ്പ് ഒരുപടി വരെ തടയാൻ കഴിയുമെന്ന കാര്യം ഓരോരുത്തരും ഓർക്കണം.