t
t

ആലപ്പുഴ: പ്രതിഷേധിച്ചും പരാതി നൽകിയും കുഴഞ്ഞിട്ടും റേഷൻ വ്യാപാരികൾക്ക് കമ്മിഷൻ കൈയിലെത്തുന്നത് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ. ഓണക്കാലത്തെ കമ്മഷൻ പോലും ഒരു മാസത്തോളം പിന്നിട്ട ശേഷമാണ് ലഭിച്ചത്.

ഒക്ടോബർ അവസാനിക്കാൻ നാല് ദിവസം മാത്രം ശേഷിക്കെ, സെപ്തംബറിലെ കമ്മിഷന് വേണ്ടി ഇപ്പോഴും സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കാത്തിരിക്കുകയാണ്. കട വാടക, സെയിൽസ്‌മാൻ വേതനം തുടങ്ങിയ ചെലവുകളും വ്യാപാരികളാണ് വഹിക്കേണ്ടത്. സമയത്ത് കമ്മിഷൻ ലഭിക്കാത്തതിനാൽ ഇത്തരം കാര്യങ്ങളും പ്രതിസന്ധിയിലാണ്. 2018ൽ വേതനം അനുവദിക്കുമ്പോൾ ആദ്യം അടിസ്ഥാന പാക്കേജ് 16,000 രൂപയും തുടർന്ന് 18,000 രൂപയുമാണ് അനുവദിച്ചത്. ഒരു വർഷത്തിന് ശേഷം കാലോചിതമായ മാറ്റം വരുത്തുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ നാളിതുവരെ നടപടി ഉണ്ടായില്ല.

# സ്റ്റോക്ക് ഒഴിയാതെ ഇ-പോസ്

ഇ പോസ് മെഷീനിൽ സ്റ്റോക്ക് റിപ്പോർട്ട് പ്രിന്റ് എടുക്കുമ്പോൾ 79 ഇനം ഭക്ഷ്യധാന്യങ്ങൾ കാണിക്കുന്നുണ്ട്. എന്നാൽ നിലവിലെ വിതരണവുമായി ബന്ധമില്ലാത്ത 24 അധികം ഇനങ്ങളും സ്റ്റോക്കിൽ കാണിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. മുൻപ് വിതരണത്തിലുണ്ടായിരുന്നതും പ്രളയകാലത്ത് സ്റ്റോക്കിൽ ഇടം പിടിച്ചവയുമാണ് ഇപ്പോഴും ഒഴിവാകാതെ കിടക്കുന്നത്. കഴിഞ്ഞ ഒക്ടോബർ മുതൽ എ.എ.വൈ കാർഡുകാർ പ്രധാനമന്ത്രി ഗരിബ് കല്യാൺ അന്ന യോജന, എൻ.എഫ്.എസ്.എ പദ്ധതികൾ പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ വാങ്ങുമ്പോൾ ഇ പോസിൽ വിരലടയാളം പ്രത്യേകം രേഖപ്പെടുത്തണം. ഇത് കാർഡുടമകൾക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.

..................................

സെപ്റ്റംബറിലെ കമ്മിഷൻ കുടിശ്ശിക: 30 കോടി

............................

വ്യാപാരികളുടെ ആവശ്യങ്ങൾ

# വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക

# കമ്മിഷൻ തുക എല്ലാമാസവും അഞ്ചിനുള്ളിൽ ലഭ്യമാക്കുക

# ഒറ്റത്തവണ ബയോമെട്രിക് രേഖപ്പെടുത്താൻ ക്രമീകരണം ഒരുക്കുക

# വിതരണത്തിൽ ഇല്ലാത്ത ഭക്ഷ്യധാന്യങ്ങളുടെ വിവരങ്ങൾ ഒഴിവാക്കുക

...................................

2018ൽ വേതന പാക്കേജ് അനുവദിക്കുമ്പോഴുണ്ടായിരുന്ന ചുറ്റുപാടുകളിൽ നിന്ന് വിഭിന്നമായ സാഹചര്യമാണ് നിലവിലുള്ളത്. ജീവിതച്ചെലവിലും കടവാടക, സെയിൽസ്‌മാൻ വേതനം ഇനത്തിലും നൽകേണ്ടിവരുന്ന കൂലിയിലെ വർദ്ധനവും വ്യാപാരികളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നു. കമ്മിഷൻ തുക തൊട്ടടുത്ത മാസങ്ങളിൽ ആദ്യവാരം തന്നെ ലഭ്യമാക്കണം

എൻ.ഷിജീർ, സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ