photo

ആലപ്പുഴ: യാത്രകഴിഞ്ഞ് സഞ്ചാരികളുമായി വേമ്പനാട്ട് കായലിൽ നങ്കൂരമിട്ടിരുന്ന ഹൗസ് ബോട്ടിൽ നിന്ന് കാൽവഴുതി കയത്തിൽ വീണു കാണാതായ പാചകത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി​. തൃക്കുന്നപ്പുഴ പഞ്ചായത്ത് പതിനേഴാം വാർഡ് പല്ലന കുമാരകോടി വാര്യത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ അശോകനാണ് (57) മരിച്ചത്.

പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയിൽ 25ന് രാത്രി 8.30ഓടെയാണ് സംഭവം.

സഞ്ചാരികൾക്കും സഹപ്രവർത്തകർക്കുമൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ ഹൗസ് ബോട്ടിന് പിൻഭാഗത്തേക്ക് പോയ അശോകൻ കാൽവഴുതി കായലിൽ വീഴുകായിരുന്നു. ഉടൻതന്നെ സഹജീവനക്കാർ ടൂറിസം പൊലീസിനെ വിവരം അടിയിച്ചു. ടൂറിസം പൊലീസും സൗത്ത് പൊലീസും സ്പീഡ് ബോട്ടിൽ സ്ഥലത്തെത്തി രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വീണ്ടും ഇന്നലെ രാവിലെ ഫയർഫോഴ്സിന്റെ മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ തെരച്ചിൽ ആരംഭിച്ചു. ശക്തമായ ഒഴുക്ക് തെരച്ചിലിന് തടസമായി. പാതാളക്കരണ്ടി ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്ന പ്രദേശവാസിയായ ഒരാളുടെ സഹായവും പൊലീസ് തേടിയിരുന്നു. 11ഓടെ സംഭവസ്ഥലത്തുനി​ന്ന് 20 മീറ്റർ വടക്ക് മാറിയാണ് മൃതദേഹംലഭി​ച്ചത്.

കടക്കരപ്പള്ളി സ്വദേശി കബീറിന്റെ ഉടമസ്ഥതയിലുള്ള നേവർലൈൻ ഹൗസ്ബോട്ടിലെ പാചക തൊഴിലാളിയാണ്. ടൂറിസം എസ്.ഐ പി.ജയറാം, സൗത്ത് എസ്.ഐ ജോൺ ബസ്റ്റിൻ, സ്കൂബ ടീം എ.എസ്.ടി.ഒ ബൈജു പണിക്കർ എന്നി​വരുടെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽകുമാർ, എം.സരിക, ആർ.ജോഷിത്ത് എന്നിവരാണ് തെരച്ചിലിന് നേതൃത്വം നൽകിയത്. ഭാര്യ: രോഹിണി. മക്കൾ: അഭിജിത്ത്, അർജുൻ. അമ്മ: അമ്മിണി.