ആലപ്പുഴ: കൊവിഡ് കാലം പിന്നിട്ടതോടെ ആഘോഷരാവുകളെ വരവേൽക്കുകയാണ് നാടും നഗരവും. കൊവിഡ് ഭീതിയൊഴിഞ്ഞതോടെ ഈ വർഷമെങ്കിലും ആലപ്പുഴ ബീച്ച് കേന്ദ്രീകരിച്ചുള്ള ബീച്ച് ഫെസ്റ്റ് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. എന്നാൽ ക്രിസ്മസ് - ന്യു ഇയർ കാലത്ത് നടത്താറുള്ള ബീച്ച് ഫെസ്റ്റ് ഈ വർഷം സംഘടിപ്പിക്കുന്നതിൽ ആശയകുഴപ്പത്തിലാണ് ജില്ലാ ഭരണകൂടം . ബീച്ചിൽ എലിവേറ്റഡ് ബൈപ്പാസിനോട് ചേർന്ന് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിർമ്മാണ പ്രവൃത്തികൾ നടക്കുകയാണ്. കൂടുതൽ ജനങ്ങൾ ഒരേ സമയം ബീച്ചിലേക്ക് വരുന്നത് നിർമ്മാണ പ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഉൾപ്പടെ നടത്തിയിരിക്കുന്നത്. അതേ സമയം മാരാരി ബീച്ച് കേന്ദ്രീകരിച്ച് ഇപ്രാവശ്യം ബീച്ച് ഫെസ്റ്റ് നടത്തുന്നത് സംബന്ധിച്ചുള്ള ആലോചനായോഗം കഴിഞ്ഞദിവസം ചേർന്നു. ഇവിടെയും ഫെസ്റ്റ് നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
മുല്ലയ്ക്കൽ - കിടങ്ങാംപറമ്പ് ക്ഷേത്രങ്ങളുടെ ചിറപ്പ് മഹോത്സവം സമാപിക്കുന്ന മുറയ്ക്ക്, ന്യൂ ഇയറിനോട് അനുബന്ധിച്ചാണ് കൊവിഡിന് മുമ്പ് വരെ എല്ലാ വർഷവും ആലപ്പുഴ ബീച്ച് കേന്ദ്രീകരിച്ച് ഫെസ്റ്റ് നടത്തിയിരുന്നത്. പ്രശസ്ത താരങ്ങളുടെ സ്റ്റേജ് ഷോ, ഗാനമേള, നാടകം, നൃത്തം എന്നിവയ്ക്ക് പുറമേ, വിദേശ കലാകാരന്മാരുടെ പരിപാടികൾ വരെ അരങ്ങേറിയിരുന്നു. ഇതിനൊപ്പം തന്നെ കുടുംബശ്രീയുടെ അടക്കം പങ്കാളിത്തത്തോടെ ഭക്ഷ്യമേളകളും, വിവിധ ട്രൂപ്പുകളുടെ കായിക പ്രകടനങ്ങളും അരങ്ങേറുമായിരുന്നു. ന്യൂ ഇയർ രാവിൽ ഒത്തുകൂടുന്ന ആയിരങ്ങൾ ഒരേ സമയം ബലൂൺ പറത്തിയാണ് ഉത്സവരാവ് സമാപിക്കാറുള്ളത്.
.........
കാറ്റുപോയ ബലൂൺ
ഒരേ സമയം നാലു പേരെ കയറ്റി പറന്നുയരുന്ന ഹോട്ട് എയർ ബലൂൺ എന്ന ഡി.ടി.പി.സിയുടെ പദ്ധതി കാണാമറയത്തായി. ട്രയൽ സമയത്ത് കാറ്റിന്റെ വേഗത പരമാവധി പത്ത് കിലോമീറ്ററിൽ താഴെയായിരുന്നെങ്കിൽ, ബലൂൺ പറത്താൻ ശ്രമിച്ച ദിവസം വേഗത 15 കിലോമീറ്ററിന് മുകളിലായിരുന്നു. ഈ കാലാവസ്ഥയിൽ ബലൂൺ പറത്താനാവില്ലെന്ന തിരിച്ചറിവിലാണ് പദ്ധതി തത്കാലം മാറ്റിയത്.കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് ബലൂൺ തിരിച്ചുകൊണ്ടുവരാമെന്ന പ്രത്യാശയിലാണ് അധികൃതർ.
.......
ബീച്ച് ഫെസ്റ്റ് നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ബീച്ചിനോട് ചേർന്ന് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ആളുകൾക്ക് അവിടെ എത്തിച്ചേരുന്നതിന് പ്രയാസം നേരിടുമെന്നതാണ് പ്രധാന പ്രതിസന്ധി
ലിജോ എബ്രഹാം, ഡി.ടി.പി.സി സെക്രട്ടറി