hdj
പെരുമാങ്കര പാലത്തിൻ്റെ തൂണുകളിൽ അടിഞ്ഞ മാലിന്യങ്ങൾ

# ചെറുതന പെരുമാങ്കര പാലത്തിനു താഴെ മാലിന്യം കെട്ടിക്കിടക്കുന്നു

ഹരിപ്പാട്: ചെറുതന പഞ്ചായത്ത് ഒന്ന്, രണ്ട് വാർഡുകളെ ബന്ധിപ്പിക്കുന്ന പെരുമാങ്കര പാലത്തിന്റെ തൂണുകളോടു ചേർന്ന് വൻതോതിൽ മാലിന്യം അടിഞ്ഞു കൂടി. പമ്പയാറ്റിലെ ഈ പാലത്തിന്റെ തൂണുകൾക്ക് പോലും ബലക്ഷയം സംഭവിക്കുന്ന രീതിയിലാണ് മാലിന്യം കെട്ടിക്കിടക്കുന്നത്.

തൂണുകൾ അടുത്തടുത്തായി നിർമ്മിച്ചിരിക്കുന്നതാണ് മാലിന്യങ്ങൾ ഒഴുകി മാറാത്തതിന് കാരണം. നദിയുടെ ഒരു കര മുതൽ മറുകര വരെ മുകളിൽകൂടി നടന്നാൽ പോലും താഴാത്ത തരത്തിലാണ് മാലിന്യം കെട്ടിക്കിടക്കുന്നത്. മരക്കഷ്ണങ്ങൾ, മുളങ്കുറ്റികൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങി ചത്തു വീർത്ത നായ വരെ കെട്ടിക്കിടക്കുന്നു. അസഹനീയമായ ദുർഗന്ധം അനുഭവപ്പെടുന്നതായും പ്രദേശവാസികൾ പറയുന്നു. പാടശേഖരങ്ങളിൽ പുഞ്ചക്കൃഷി വിത ആരംഭിക്കാനിരിക്കെ നീരൊഴുക്ക് തടസപ്പെടുന്ന തരത്തിൽ മാലിന്യങ്ങളുടെ അടിഞ്ഞു കൂടൽ കാർഷിക മേഖലയെ സാരമായി ബാധിക്കുമെന്ന് കർഷകരും പാടശേഖര സമിതികളും ചൂണ്ടിക്കാട്ടുന്നു.

പള്ളിപ്പാട്, വീയപുരം, ചെറുതന കൃഷിഭവൻ പരിധിയിലെ നിരവധി പാടശേഖരങ്ങൾക്ക് വിനയായി മാറും മാലിന്യങ്ങൾ. ഓരോ പ്രളയ സീസൺ കഴിയുമ്പോഴും പാലത്തോടു ചേർന്ന് വലിയ തോതിലാണ് മാലിന്യം അടിഞ്ഞു കൂടുന്നത്. ചെറുതന ഗ്രാമ പഞ്ചായത്ത് മുൻകൈയെടുത്ത് ലക്ഷങ്ങൾ ക്വട്ടേഷൻ നൽകി യന്ത്രമുപയോഗിച്ച് നിരവധി തവണ മാലിന്യം നീക്കം ചെയ്തിട്ടുണ്ട്.

# നിർമ്മാണം അശാസ്ത്രീയം

പാലത്തിന്റെ അശാസ്ത്രീയ നിർമ്മാണമാണ് മാലിന്യങ്ങൾ കെട്ടിക്കിടക്കാൻ കാരണം. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാകുമ്പോൾ കുത്തൊഴുക്കിൽ ഒഴുകിയെത്തുന്നവയാണ് അടിഞ്ഞു കുടുന്നത്. സമയബന്ധിതമായി ജലസേചന വകുപ്പ് വിഷയത്തിൽ ഇടപെട്ട് ഇവ നീക്കം ചെയ്താൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയും. ഒഴുകി വരുന്ന തടികൾ ഉൾപ്പടെയുള്ള ഉപയോഗപ്രദമായ സാധനങ്ങൾ ചെറുവള്ളങ്ങളിലെത്തി പ്രദേശവാസികൾ തന്നെ കൊണ്ടുപോകാറുണ്ട്. പ്രദേശത്ത് ജലജന്യ രോഗങ്ങൾ പടരാനുള്ള സാദ്ധ്യതകളും ഏറെയാണ്. അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.