 
ആലപ്പുഴ: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. സ്റ്റേഡിയം വാർഡിൽ പട്ടേരിപ്പറമ്പിൽ ടി.ഫൈസലിന്റെ ഉടമസ്ഥതയിൽ വെള്ളക്കിണർ ജംഗ്ഷനിലുള്ള ബേക്കറിയിൽ നിന്നു നാല് സ്റ്റീൽ പാത്രങ്ങളിലും പ്ലാസ്റ്റിക് കവറുകളിലുമായി ജൂസ് അടിക്കാൻ അരിഞ്ഞ് ദിവസങ്ങളായി ഫ്രീസറിൽ സൂക്ഷിച്ച ചീഞ്ഞ പപ്പായ, മാങ്ങ, അവക്കാഡോ, പേരയ്ക്ക എന്നിവയും ഏഴ് പ്ലാസ്റ്റിക് ടിന്നുകളിലായി പാലും പഴങ്ങളും ചേർത്തടിച്ച് ഫ്രീസറിൽ സൂക്ഷിച്ചതും പിടിച്ചെടുത്തു. പൂപ്പൽ പിടിച്ച ജിലേബി, ലഡു, ഉപയോഗ കാലാവധി കഴിഞ്ഞ അര കിലോ വീതമുള്ള 10 പാക്കറ്റ് ചിപ്‌സ്, 250 ഗ്രാമിന്റെ 10 പാക്കറ്റ് ചിപ്‌സ്, കപ്പ വറുത്തത് നാല് പാക്കറ്റ്, മുറുക്ക് ആറ് പാക്കറ്റ്, നാല് പ്ലാസ്റ്റിക് ടിൻ ബിസ്‌കറ്റ്, വൃത്തിഹീനമായ രീതിയിൽ സൂക്ഷിച്ച പഴകിയ അത്തിപ്പഴം എന്നിവയും പിടിച്ചെടുത്ത് നശിപ്പിച്ചു.