മാന്നാർ: പരിശുദ്ധ പരുമല തിരുമേനിയുടെ 120-ാം ഓർമ്മപ്പെരുന്നാളിന് പരുമലയിൽ കൊടിയേറി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രധാന കൊടിമരത്തിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ് എന്നിവർ മറ്റ് കൊടിമരങ്ങളിൽ കൊടി ഉയർത്തി. മെത്രാപ്പോലീത്തമാരായ ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഗീവർഗീസ് മാർ പീലക്സിനോസ്, ഡോ. ഗീവർഗീസ് മാർ ബർണബാസ്, സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.കെ.വി.പോൾ റമ്പാൻ എന്നിവർ കൊടിയേറ്റ് ചടങ്ങിൽ പങ്കെടുത്തു.
ഇന്നലെ രാവിലെ പരുമലയിലെ മൂന്ന് വീടുകളിൽ നിന്ന് ആഘോഷമായി കൊണ്ടുവന്ന കൊടികൾ കബറിങ്കലിൽ സൂക്ഷിച്ചു. ഉച്ചയ്ക്ക് രണ്ടിന് പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം മൂന്ന് കൊടികളുമേന്തി വിശ്വാസികൾ റാസയായി പമ്പാനദിക്കരയിലുളള കൊടിമരച്ചുവട്ടിൽ എത്തിയ ശേഷം പരിശുദ്ധ കാതോലിക്കാ ബാവ കൊടിയേറ്റ് കർമം നിർവഹിച്ചു. തുടർന്ന് റാസയായി തന്നെ എത്തി പള്ളിമുറ്റത്തുള്ള രണ്ട് കൊടിമരങ്ങളിലും കൊടി ഉയർത്തി. ആചാചാരനുഷ്ഠാനങ്ങളുടെ ഭാഗമായി വിശ്വാസികൾ ആകാശത്തേക്ക് വെറ്റിലകൾ ഭക്ത്യാദരവോടെ പറത്തി. കൊടിയേറ്റിന് ശേഷം നടന്ന തീർത്ഥാടന വാരാഘോഷ സമ്മേളനം കാതോലിക്കാ ബാവ നിർവഹിച്ചു. തുടർന്ന് 144 മണിക്കൂർ നീണ്ടുനിൽക്കുന്ന അഖണ്ഡ പ്രാർത്ഥനയ്ക്ക് പരിശുദ്ധ കൊച്ചു തിരുമേനിയുടെ ആദ്യകാല വസതിയായ അഴിപ്പുരയിൽ തുടക്കമായി. വൈകിട്ട് സസ്യ നമസ്‌കാരം, കബറിങ്കലിൽ ധൂപപ്രാർത്ഥന, ആശിർവാദം. രാത്രി സൂത്താറ നമസ്‌കാരം എന്നിവ നടന്നു.