മാവേലിക്കര: കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയുടെ തെക്ക് ഭാഗത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള വലിയകുളം പുനരുജ്ജീവിപ്പിക്കുമെന്ന് എം.എസ്. അരുൺകുമാർ എം.എൽ.എ പറഞ്ഞു. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടന്ന ആലോചനാ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംയുക്ത സാങ്കേതിക സമിതി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കുളത്തിന്റെ നിലവിലെ അവസ്ഥ സംബന്ധിച്ചുള്ള യാഥാർത്ഥ്യങ്ങൾ അവതരിപ്പിച്ച നവകേരളം കർമപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ കെ.എസ്. രാജേഷ്, പുനരുജ്ജീവനത്തിന് അവലംബിക്കാവുന്ന മാർഗങ്ങളും മുന്നോട്ടുവച്ചു. ആദ്യഘട്ടത്തിൽ കുളം വൃത്തിയാക്കി മാലിന്യം നീക്കം ചെയ്യണം. നീക്കം ചെയ്യുന്ന പായൽ ചെളി മറ്റു മാലിന്യങ്ങൾ എന്നിവ സംസ്കരിക്കാനുള്ള മാർഗം കണ്ടെത്തണം. വൃത്തിയാക്കിയശേഷം കുളത്തിലേക്ക് മാലിന്യം എത്താതെ സംരക്ഷിക്കണംതുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ.
മാവേലിക്കര നഗരസഭാദ്ധ്യക്ഷൻ കെ.വി. ശ്രീകുമാർ, നവകേരളം കർമപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ കെ.എസ്. രാജേഷ്, മൈനർ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർ ആർ.സുശീല,അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ കെ.രജിത് കുമാർ, അസിസ്റ്റന്റ് എൻജിനീയർ എസ്.ജി. സബിത, അഖിൽ പ്രകാശൻ, സതീഷ്കുമാർ, ആശ ആനന്ദ് എന്നിവർ പങ്കെടുത്തു.