 
മാന്നാർ: ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നവംബർ അഞ്ചിന് പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളുടെ ഭാഗമായി മാന്നാറിൽ നടക്കുന്ന സർഗ്ഗോൽസവത്തെ നാട് നെഞ്ചേറ്റി. സർഗോൽസവം നടക്കുന്ന മാന്നാർ നായർ സമാജം മൈതാനിയിലെ വേദിയിലും ചേർന്നുള്ള അമ്യൂസ്‌മെന്റ് പാർക്കിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
മൂന്നാം ദിവസം 'പാലാപ്പളളി തിരുപ്പള്ളി' ഫെയിം അതുൽ നറുകരയും സംഘവും നാട്ടുപാട്ടരങ്ങ് അവതരിച്ചപ്പോൾ സദസ് ജന നിബിഡമായിരുന്നു. മാന്നാറിനെ ഇളക്കിമറിച്ചുള്ള നാടൻ പാട്ടും ദൃശ്യാവിഷ്‌കാരവും കലാസ്വാദകർക്ക് നവ്യാനുഭവമായി. 20 ഓളം കലാകാരൻമാർ ചെണ്ടയും ഉടുക്കും പറയും തുടിയും കൊട്ടി ആടിപ്പാടിയതിനൊപ്പം പ്രാചീന കലകളുടെ ദൃശ്യാവിഷ്‌കാരം കൂടിയായപ്പോൾ സദസ് ഇളകിമറിഞ്ഞു. ഇന്ന് രാവിലെ 10 ന് ദേശപ്പെരുമയുടെ സർഗ്ഗചാരുതയുടെ ആവിഷ്‌കാരം വരമുദ്ര. വൈകിട്ട് 5ന് പൈതൃക ടൂറിസത്തിന്റെ സാദ്ധ്യതകൾ എന്ന വിഷയത്തിൽ സെമിനാ. പ്രൊഫ.പി.ഡി. ശശിധരൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ടൂറിസം ഡറക്ടർ പി.ബി. നൂഹ് മുഖ്യാതിഥിയാകും. പ്ലാനിംഗ് ബോർഡ് അംഗം സന്തോഷ് ജോർജ്ജ് കുളങ്ങര വിഷയാവതരണം നടത്തും. വൈകിട്ട് ആറിന് രാവണീശ്വരം ഗോത്രപ്പൊലിമ കാസർകോഡ് അവതരിപ്പിക്കുന്ന ഗോത്ര ഗാനങ്ങൾ. ആദിവാസിപ്പാട്ടുകൾ, മുറം നൃത്തം, വടി നൃത്തം. 8 ന് ആലപ്പുഴ റെയ്ബാന്റെ മെഗാ സ്റ്റേജ് ഷോ.