
ആലപ്പുഴ: പിഴവില്ലാത്ത തീരുമാനങ്ങളുമായി വനിതകൾ ഏറെയില്ലാത്ത ക്രിക്കറ്റ് അമ്പയറിംഗ് രംഗത്ത് താരമാവുകയാണ് ചേർത്തല വാരണം പാടികാട്ട് വീട്ടിൽ പി. സരിത. ആലപ്പുഴ കെ.സി.എ ഗ്രൗണ്ടിൽ നടന്ന അണ്ടർ 19 മേഖലാമത്സരത്തിലൂടെയാണ് പ്രൊഫഷണൽ ക്രിക്കറ്റിൽ അമ്പയറായി സരിത അരങ്ങേറിയത്. മൈതാനത്ത് കളിക്കാരേക്കാൾ ജാഗ്രതവേണം അമ്പയർക്ക്, ഒരു തെറ്റായതീരുമാനം മത്സരഫലം തന്നെ മാറ്റിമറിച്ചേക്കാം. എന്നാൽ ഈ വെല്ലുവിളികൾ ഒരുത്രില്ലായി കാണാനാണ് തനിക്ക് ഇഷ്ടമെന്ന് സരിത പറയുന്നു.
ലെവൽ വൺ അമ്പയറിംഗ് പരീക്ഷ പാസായി കേരളത്തിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിക്കാൻ യോഗ്യത നേടിയ സരിത, അടുത്ത വർഷം ലെവൽ - 2 പരീക്ഷ ജയിച്ച് രഞ്ജി ട്രോഫിയടക്കമുള്ള രാജ്യത്തെ ഫസ്റ്റ്ക്ലാസ് മത്സരങ്ങൾ നിയന്ത്രിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.
ഒരു പടി കൂടി കടന്നാൽ ബി.സി.സി.ഐ പാനൽ അമ്പയറാകാം. മുമ്പ് കേരളത്തിൽ നിന്ന് രണ്ട് വനിതകൾ അമ്പയർ പരീക്ഷ ലെവൽ വൺ പാസായിട്ടുണ്ടെങ്കിലും ഗ്രൗണ്ടിൽ ഇറങ്ങി കളിനിയന്ത്രിക്കുന്ന കേരളത്തിലെ ആദ്യ വനിതയാണ് ഈ മുപ്പത്തിരണ്ടുകാരി.
സ്കൂളിൽ ഷോട്ട് പുട്ടും ജാവലിൻ ത്രോയുമായിരുന്നു സരിതയുടെ മുഖ്യ ഇനങ്ങൾ. ജി.വി. രാജ സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ ലഭിച്ചെങ്കിലും ചേരാനായില്ല. ചേർത്തല എൻ.എസ്.എസ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ അവിടെ ആൺകുട്ടികൾക്ക് ക്രിക്കറ്റ് ടീമുണ്ടായിരുന്നു. വനിതാ ടീമിന് വേണ്ടി പലസുഹൃത്തുക്കളുടെയും പിന്നാലെ നടന്ന് ഒടുവിൽ ഒരു ടീമിനെ തട്ടിക്കൂട്ടി യൂണിവേഴ്സിറ്റി മത്സരം കളിച്ചത് ഒരിക്കലും മറക്കില്ലെന്ന് സരിത പറയുന്നു.
ഇത്രയും കാലം എവിടെയായിരുന്നു!
സ്കൂളിൽ പഠിക്കുമ്പോൾ വനിതാ ക്രിക്കറ്റ് ഉണ്ടെന്നുപോലും സരിതയ്ക്കറിയില്ലായിരുന്നു. 23-ാം വയസിൽ ആലപ്പുഴ ജില്ലാ സീനിയർ പെൺകുട്ടികളുടെ ടീം സെലക്ഷനിൽ പങ്കെടുത്ത സരിതയോട് കെ.സി.എ ഭാരവാഹികളുടെ ആദ്യ ചോദ്യം ഇത്രയുംകാലം എവിടെയായിരുന്നു എന്നാണ്. സോൺതലം വരെ കളിച്ചു.
പിന്നീട് ആലപ്പുഴ എസ്.ഡി കോളേജ്, എസ്.ഡി.വി സ്കൂൾ എന്നിവിടങ്ങളിൽ കോച്ചായി പ്രവർത്തിക്കവേ കൊവിഡ് കാലം ഇടവേള സമ്മാനിച്ചു. ഈ സമയത്താണ് അമ്പയറിംഗിൽ ഒരുകൈ നോക്കിയാലോയെന്ന് സരിതയ്ക്ക് തോന്നിയതും പരീക്ഷ ഓൺലൈനായി എഴുതി വിജയിച്ചതും.
തുടക്കത്തിൽ ടെൻഷൻ
അമ്പയറായി കളത്തിലിറങ്ങിയപ്പോൾ തുടക്കത്തിൽ കളിക്കാരേക്കാൾ ടെൻഷൻ ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ അമ്പയറിംഗ് വലിയ ത്രില്ലാണ് സരിതയ്ക്ക്. പരേതനായ സതീശനാണ് പിതാവ്. അമ്മ പത്മകുമാരി. ഖത്തർ എംബസി ഉദ്യോഗസ്ഥനായ നവീൻകുമാറാണ് ഭർത്താവ്.
വിദേശ രാജ്യങ്ങളിലും വനിത അമ്പയർമാർക്ക് അവസരങ്ങളുണ്ട്. കൂടുതൽ പെൺകുട്ടികൾ അമ്പയറിംഗ് രംഗത്തേക്ക് വരാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
സരിത