jej

ഹരിപ്പാട്: പുഞ്ചകൃഷി വിതയിറക്ക് നവംബർ പകുതിയോടെ ആരംഭിക്കാനിരിക്കെ വിതയിറക്കാനുള്ള വിത്ത് അപ്പർ കുട്ടനാട്ടിലേക്ക് എത്തിത്തുടങ്ങി. വിലയിൽ വൻ വർദ്ധനയാണ് ഇക്കുറി കർഷകരെ വലയ്ക്കുന്നത്. അപ്പർ കുട്ടനാട്ടിലേക്ക് കർണാടക ,നാഷണൽ സീഡ് കോർപറേഷൻ, പാലക്കാട് എന്നിവിടങ്ങലിൽ നിന്നാണ് വിത്ത് എത്തിയത്. ഉമ, ജ്യോതി, വിത്തുകൾക്ക് പുറമെ വിളവ് കൂടുതൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ മനുരത്ന വിത്തും ഏജൻസികൾ ഇറക്കുമതി ചെയ്യുന്നുണ്ട്.

കഴിഞ്ഞ സീസണിൽ ഒരു കിലോഗ്രാം വിത്തിന് 40 രൂപയാണ് വിലയുണ്ടായിരുന്നതെങ്കിൽ , ഈ സീസണിൽ 3രൂപ വർദ്ധിച്ച് 43 രൂപയായി മാറി. ഇതിനു് പുറമെ 30 കിലോയുടെ ചാക്ക് ഇറക്കി തരുന്നതിന് ചാക്ക് ഒന്നിന് 7 രൂപ വച്ച് അധികവും നൽകണം. ഇതിന് പുറമേ കടത്ത് കൂലിയും കർഷകർ വഹിക്കണം. ഒരേക്കറിന് 40 കിലോ വിത്ത് എന്നതാണ് സർക്കാർ കണക്ക്. എന്നാൽ 60 മുതൽ 80 കിലോ വരെ ഒരേക്കറിന് വിനിയോഗിക്കുന്നുണ്ട്. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾ വഴി സബ്സിഡി ലഭിക്കുന്നത് 40 കിലോ വിത്തിന്റെ തുക മാത്രമാണ് . നെല്ലിന്റെ താങ്ങുവില ഇപ്പോഴും മാറ്റമില്ലാത്ത അവസ്ഥയിലാണ്. ഒരു കിലോ നെല്ലിന് ലഭിക്കുന്ന വില 28 രൂപയാണ്. അധിക കൃഷിഭവനുകളും നേരിട്ട് വിത്ത് ഇറക്കുന്നില്ല. കഴിഞ്ഞ സീസണിൽ കൃഷിഭവനുകളുടെ നേതൃത്വത്തിൽ ഇറക്കുമതി ചെയ്ത വിത്ത് അധികവും കിളച്ചിരുന്നില്ല.