പൂച്ചാക്കൽ: പള്ളിപ്പുറം മെഗാ ഫുഡ് പാർക്കിലെ മലിനജലം ഒഴുക്കാൻ വാഴത്തറ തോടു വഴി കൈതപ്പുഴ കായലിലേക്ക് സ്ഥാപിച്ചിരിക്കുന്ന
പൈപ്പുകളുടെ ജോയിന്റുകളിൽ നിന്നും മാലിന്യം ഒഴുകുന്നത് നാട്ടുകാർക്ക് പ്രതിസന്ധിയാകുന്നു. രണ്ട് വർഷം മുമ്പാണ് നാട്ടുകാരുടെയും മത്സ്യ തൊഴിലാളിയുടേയും പ്രതിഷേധം മറികടന്ന് പൈപ്പു സ്ഥാപിച്ചത്. ഫുഡ് പാർക്കിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ശുദ്ധി ചെയ്‌ത വെള്ളം മാത്രമേ പൈപ്പിലൂടെ ഒഴുക്കുകയുള്ളുവെന്ന് നാട്ടുകാർക്ക് നൽകിയ ഉറപ്പ്. എന്നാൽ ഉറപ്പ് പാഴ് വാക്കായെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. തോട്ടിലെ വെള്ളത്തിന് കരിനീല നിറവും അസഹനീയമായ ദുർഗന്ധം മൂലം തോടിന്റെ വശങ്ങളിൽ താമസിക്കുന്നവാരാണ് ഏറെ ബുദ്ധിമുട്ടുന്നത് . നിലവിൽ പ്രദേശത്തെ കിണറുകളും കുളങ്ങളും ഉപയോഗ ശൂന്യമായ നിലയിലാണ്. തോട് ശുചിയാക്കണമെന്ന പ്രതിഷേധം ശക്തമായപ്പോൾ തൊഴിലുറപ്പു തൊഴിലാളികളെ നിയോഗിച്ചതാണ്. എന്നാൽ പണിക്കിറങ്ങിയ തൊഴിലാളികൾ ദുർഗന്ധം മൂലം തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് പണി നിർത്തി. പ്രദേശവാസികൾ കുളിക്കാനും തുണി കഴുകാനും ഉപയോഗിച്ചു കൊണ്ടിരുന്ന തോടിനാണ് ഈ ദുർഗതി. നാട്ടുകാർക്കൊപ്പം നിരവധി സംഘടനകളാണ് തോട്ടിൽ പൈപ്പ് ലൈൻ ഇടുന്നതിനെതിരെ പ്രക്ഷോഭത്തിന് ഇറങ്ങിയത്. പിന്നീട് സർക്കാരിന്റെ ഇടപെടിലിനെ തുടർന്ന് , പൊലീസ് സംഘത്തിന്റെ സംരക്ഷണയിലാണ് പൈപ്പ് ലൈനിട്ടത്. ഇതിനെതിരെ നിരവധി പരാതികൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്തതിന് നാട്ടുകാർ വലിയ തുകയാണ് പിഴയായി കോടതിയിൽ അടക്കേണ്ടി വന്നത്. അതുകൊണ്ട് പ്രത്യക്ഷ സമരപരിപാടികൾ നടത്തുവാൻ നാട്ടുകാർക്ക് ഭയമാണ്.
.......
'' മത്സ്യ സംസ്‌ക്കരണ കമ്പനികൾ ഉൾപ്പെടെയുള്ള ഫുഡ് പാർക്കിലെ മുഴുവൻ സ്ഥാപനങ്ങളിലേയും മലിന ജലമാണ് വാഴത്തറ തോടുവഴി ഒഴുക്കുന്നത്. അന്ന് പ്രതിഷേധക്കാർ ഉന്നയിച്ച ആശങ്കകളെല്ലാം യാഥാർത്ഥ്യമായി.
(പാമ്പുന്തറ വിജയകുമാർ,പരിസരവാസി)
......
''വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ ചില ത്യാഗങ്ങൾ വേണ്ടി വരുമെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ ഒരു പ്രദേശത്തിലെ ജനങ്ങൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ഷിൽജ സലിം , പഞ്ചായത്ത് വൈസ് പ്രസിഡന്റ്