t
t

ആലപ്പുഴ: താറാവുകളെ പക്ഷിപ്പനി ബാധിച്ചതോടെ ഇറച്ചിക്കോഴി വിപണിയിൽ വില ഇടിച്ചുകയറുന്നു. കിലോയ്ക്ക് 120 രൂപ ആയിരുന്ന ഇറച്ചിക്കോഴി വില കിലോയ്ക്ക് ഇന്നലെ 180 രൂപയായി. ഇതോടെ വില്പന ഇടി​ഞ്ഞെന്ന് കച്ചവടക്കാർ പറയുന്നു.

ഒരുകിലോയുള്ള കോഴിയുടെ വിലയായി കർഷകന് ലഭിക്കുന്നത് നൂറിൽ താഴെ രൂപ മാത്രം. കോഴി ഇത്രയും തൂക്കത്തിലെത്താൻ തീറ്റയ്ക്കും മറ്റുമായി ഇരട്ടിയോളം തുക ചെലവാകും. വിലയിടിവ് കോഴി കർഷകർക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത്. ഫാം ഉടമകൾ കിട്ടുന്ന വിലയ്ക്ക് കോഴികളെ മൊത്തവ്യാപാരികൾക്ക് കൈമാറുകയാണ്.

ഹോട്ടൽ വ്യവസായത്തെയും പക്ഷിപ്പനി ബാധിച്ചു. ഇറച്ചിമാത്രം വിൽക്കുന്ന കോൾഡ് സ്റ്റോറേജുകാരും പ്രതിസന്ധിയിലായി. നേരത്തേ സ്റ്റോക്ക് ചെയ്തുവച്ചിരുന്ന മാംസം പോലും ആർക്കും വേണ്ടാത്ത അവസ്ഥ. 10,000ൽ അധികം കുടുംബങ്ങളുടെ ഉപജീവനമാണ് പക്ഷിപ്പനിയിലൂടെ വലയുന്നത്. കാർത്തികപ്പള്ളി താലൂക്കിലെ ഹരിപ്പാട് നഗരസഭ, പള്ളിപ്പാട് പ്രദേശങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽപ്പെടുന്ന ചില പഞ്ചായത്തുകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇറച്ചി വില്പന നിരോധിച്ചിട്ടുണ്ട്.

താറാവിറച്ചി ഉപേക്ഷിച്ച് ജനം കോഴിയിലേക്ക് മാറിയതോടെ തമിഴ്നാട് ലോബി വില കുത്തനെ കൂട്ടി. താറാവിനു പിന്നാലെ കോഴിയിറച്ചിയും ഉപേക്ഷിക്കുന്നവർ കൂടുകയാണ്. ജില്ലയിൽ ആയിരത്തോളം ഫാമുകളും 2500 കോഴിയിറച്ചി വില്പന സ്റ്റാളുകളും പ്രവർത്തിക്കുന്നുണ്ട്. പക്ഷിപ്പനിയെ തുടർന്ന് താറാവ് ഇറച്ചിക്ക് ഏഴു ദിവസത്തിനിടെ വില കുത്തനെ ഇടിഞ്ഞു. 250 മുതൽ 300 രൂപ വരെ ലഭിച്ചിരുന്ന താറാവിന് ഇപ്പോൾ 200 രൂപയിൽ താഴെയായി

# വി​ല്പന ഇടി​ഞ്ഞു

ജില്ലയിൽ പ്രതിദിനം രണ്ട് ലക്ഷം കിലോ ചിക്കൻ വിറ്റിരുന്നു. പുറമേ താറാവിറച്ചിയും. നിലവിൽ വില്പനയിൽ 40 ശതമാനം വരെ കുറവുണ്ടായി. കൊവിഡിന് ശേഷം മേഖല അല്പം മെച്ചപ്പെട്ടപ്പോഴാണ് ഇടിത്തീയായി പക്ഷിപ്പനി എത്തിയത്. ചേർത്തല മേഖലയിൽ പ്രവർത്തിക്കുന്ന കോഴി ഫാമുകളിൽ നിന്നാണ് പ്രതിദിനം ആവശ്യമായ നാടൻ ഇറച്ചിക്കോഴികളെ വിവിധ സ്റ്റാളുകളിൽ എത്തിക്കുന്നത്. വിലകുറച്ച് തമിഴ്‌നാട്ടിൽ നിന്ന് കോഴികളെ എത്തിക്കുന്നത് ജില്ലയിലെ കോഴി കർഷകർക്ക് ഭീഷണിയാണ്.


പക്ഷിപ്പനി ഭീതി കാരണം, വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ലഭിച്ചിരുന്ന ഓർഡറിൽ 90 ശതമാനവും നഷ്ടമായി. ഇത് കച്ചവടക്കാരെയും ഫാം ഉടമകളെയും ബാധിച്ചു. താറാവ്, ഇറച്ചിക്കോഴി കച്ചവടക്കാർക്ക് സഹായം നൽകാൻ സർക്കാർ തയ്യാറാകണം. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന തരത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധനം പിൻവലിക്കണം

വിനു, കോഴി വില്പനക്കാരൻ

# വില നിലവാരം (കിലോയ്ക്ക്)

ജീവനുള്ള ഇറച്ചിക്കോഴി: 170

ഇറച്ചി മാത്രം: 230

താറാവ് ഒന്നിന്: 180-200

# പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നതിനു മുമ്പ്

ജീവനുള്ള ഇറച്ചിക്കോഴി: 120-130

ഇറച്ചി മാത്രം: 180-240

താറാവ് ഒന്നിന്: 250-300