muthukatinu-adarav
മാന്നാർ സർഗ്ഗോത്സവം വേദിയിൽ മുതുകാടിനേയും കുട്ടികളെയും സംഘാടക സമിതി ചെയർമാൻ സജി ചെറിയാൻ എം.എൽ.എ ആദരിക്കുന്നു

മാന്നാർ: ഇന്ദ്രജാലക്കാരന്റെ മാസ്മരിക പ്രകടനം കാണാനെത്തിയവർക്ക് മുന്നിൽ ഒരുപറ്റം വർണ ശലഭങ്ങളെ തുറന്നു വിട്ടായിരുന്നു ഗോപിനാഥ് മുതുകാടെന്ന മജീഷ്യൻ ചെങ്ങന്നൂർ പെരുമയുടെ മനം കവർന്നത്. ആടിയും പാടിയും ഇന്ദ്രജാലങ്ങൾ കാട്ടിയും സിനിമാ താരങ്ങളെ അനുകരിച്ചും ഭിന്നശേഷി കുട്ടികളായ ആ വർണ ശലഭങ്ങൾ കാണികളുടെ മനസുകളിലേക്ക് പറന്നിറങ്ങുകയായിരുന്നു. ചെങ്ങന്നൂർ പെരുമയുടെ മാന്നാർ സർഗോത്സവത്തിന്റെ നാലാംദിവസം നായർസമാജം സ്‌കൂൾ മൈതാനിയിലായിരുന്നു 'മുതുകാടും കുട്ട്യോളും' പരിപാടി അരങ്ങേറിയത്. മുതുകാടിനൊപ്പം അദ്ദേഹത്തിന്റെ സ്ഥാപനമായ തിരുവനന്തപുരം ഡിഫെറെൻസ് ആർട്ട്സ് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികളായിരുന്നു കലാപ്രകടനങ്ങൾ കാഴ്ചവെച്ചത്. കുട്ടികൾക്ക്‌ വിനോദത്തോടൊപ്പം വിജ്ഞാനവും പകർന്നു നൽകാൻ കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ്‌ വിഡിയോ പാർക്കിൽ മാജിക് പ്ലാനറ്റ് ആരംഭിക്കുകയും , കേരളത്തിലെ ആദ്യ മാജിക്‌ അക്കാദമി തിരുവനന്തപുരത്ത്‌ സ്ഥാപിക്കുകയും ചെയ്ത മുതുകാട്​ ഭിന്നശേഷി കുട്ടികൾക്കായി നിർമിച്ചിരിക്കുന്ന ലോകോത്തര സ്ഥാപനമാണ് തിരുവനന്തപുരം ഡിഫെറെൻസ് ആർട്ട്സ് സെന്റർ. ഭിന്നശേഷിക്കുട്ടികൾക്കായി ഇനിയുള്ള ജീവിതം മാറ്റിവെച്ചിരിക്കുന്ന ഗോപിനാഥ് മുതുകാടിനെ ചെങ്ങന്നൂർ പെരുമയുടെ സംഘാടക സമിതി ചെയർമാൻ സജി ചെറിയാൻ എം.എൽ.എ ആദരിക്കുകയും ആ കുട്ടികൾക്കായി സംഭാവന നൽകാൻ കാണികളോട് അഭ്യർത്ഥിക്കുകയും ചെയ്തു. വേദിയുടെ കവാടങ്ങളിൽ സംഭാവന സ്വീകരിക്കാൻ നിന്ന കരുണയുടെ പ്രവർത്തകരിലൂടെ 45000 രൂപ ലഭിച്ചു. ഇത്രയും വലിയൊരു വേദി ഈ കുട്ടികൾക്കായി നൽകിയ സജി ചെറിയാനെയും സംഘാടക സമിതിയെയും ഗോപിനാഥ് മുതുകാട് നന്ദി അറിയിച്ചു.