മാന്നാർ: ആദ്ധ്യാത്മികതയുടെ തീവ്രമായ ഭാവത്തിലൂടെ ക്രിസ്തുവിലുള്ള സമർപ്പണം സമ്പൂർണമാക്കിയ പുണ്യവാനാണ് പരുമല തിരുമേനിയെന്ന് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. പരുമല അഴിപ്പുരയിൽ നടന്ന ഗ്രിഗോറിയൻ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശുദ്ധിയുടെ ആദ്ധ്യാത്മിക സൗന്ദര്യം പകർന്ന ദാർശനികനും കർമ്മയോഗിയുമായിരുന്നു പരുമല തിരുമേനി എന്ന് ഡോ.യാക്കോബ് മാർ ഐറേനിയോസ് പറഞ്ഞു. ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ, അസി.മാനേജർ ഫാ.ജെ.മാത്തുക്കുട്ടി എന്നിവർ സംസാരിച്ചു. ഇന്ന് ഗ്രിഗോറിയൻ പ്രഭാഷണത്തിൽ തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.അനിൽ വൈദ്യമംഗലം മുഖ്യ പ്രഭാഷണം നടത്തും.