 
മാവേലിക്കര: പണ്ട് മാവേലിക്കരയുടെ പ്രതാപത്തിന്റെ പ്രതീകമായിരുന്ന വലിയകുളവും കോട്ടത്തോടും ഇനിയെന്ന് ആ നിലയിലേക്ക് ഉയരുമെന്ന ചോദ്യത്തിന് ഉത്തരം അധികം വൈകാതെ ഉണ്ടാവുമെന്ന് പ്രതീക്ഷ. നാശോൻമുഖമായ കുളത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ എം.എസ്. അരുൺകുമാർ എം.എൽ.എ നേരിട്ട് വിളിച്ച ആലോചനാ യോഗമാണ് വലിയകുളത്തിന്റെ കാര്യത്തിൽ പുതിയ പ്രതീക്ഷ നൽകുന്നത്.
വലിയകുളത്തിലെ കടവിൽ നിന്നാണ് അന്നത്തെ നാടുവാഴികൾ കോട്ടത്തോട് വഴി അച്ചൻകോവിലാറ്റിൽ പ്രവേശിച്ച് ജലമാർഗ്ഗമുള്ള സഞ്ചാരങ്ങൾ നടത്തിയിരുന്നത്. കാലം പിന്നിട്ടപ്പോൾ നാടുവാഴികളുടെ വാഴ്ചയ്ക്കൊപ്പം വലയകുളവും കോട്ടത്തോടും അപ്രസക്തമായി. ഇപ്പോൾ നഗരത്തിന്റെ ശാപമായി മാറിയിരിക്കുകയാണ് കുളവും തോടും. കോട്ടത്തോട് നവീകരണം എക്കാലത്തും നഗര ഭരണകർത്താക്കളുടെ പ്രധാന വെല്ലുവിളിയായിരുന്നു. എന്നാൽ അപ്പോഴെല്ലാം വലിയകുളം തമസ്കരിക്കപ്പെട്ടു.
കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയ്ക്ക് തെക്കു ഭാഗത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഒരേക്കർ സ്ഥലത്താണ് വലിയകുളം സ്ഥിതി ചെയ്യുന്നത്. എം.എൽ.എ വിളിച്ച യോഗത്തോടെ പുനരുജ്ജീവനം വീണ്ടും ചർച്ചയായിരിക്കുകയാണ്.
പുനരുജ്ജീവനം ഇങ്ങനെ
# ആദ്യഘട്ടത്തിൽ കുളം വൃത്തിയാക്കി മാലിന്യം നീക്കം ചെയ്യണം
# നീക്കം ചെയ്യുന്ന മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള മാർഗം കണ്ടെത്തണം
# വൃത്തിയാക്കിയ കുളത്തിലേക്ക് മാലിന്യം എത്താതെ സംരക്ഷിക്കണം
# കൈവഴികൾ സംരക്ഷിക്കണം, സംരക്ഷണ ഭിത്തി നിർമ്മിക്കണം
വലിയകുളം പുനരുജ്ജീവിപ്പിക്കും. മാവേലിക്കരയുടെ ഹൃദയഭാഗത്ത് ഈ നാടിന്റെ ചരിത്രത്തിന് സാക്ഷിയായി നിൽക്കുന്ന കുളത്തിന്റെ പ്രതാപം തിരികെയെത്തിക്കും. ഇതിനായി സംയുക്ത സാങ്കേതിക സമിതി പഠനം നടത്തിക്കഴിഞ്ഞു. കുളത്തിന്റെ നിലവിലെ അവസ്ഥ സംബന്ധിച്ചുള്ള യാഥാർത്ഥ്യങ്ങളും പുനരുജ്ജീവനത്തിന് അവലംബിക്കാവുന്ന മാർഗങ്ങൾ സംബന്ധിച്ചും ധാരണയായിട്ടുണ്ട്
എം.എസ് അരുൺകുമാർ എം.എൽ.എ