 
അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിൽ 30 വർഷമായി തരിശുകിടന്ന ഗാന്ധി സ്മൃതിവനം പദ്ധതി പ്രദേശത്ത് ജില്ലാ നഴ്സറി ആരംഭിക്കും. 85 ലക്ഷം ചെലവിൽ 2.5 ഏക്കറിൽ തുടക്കം കുറിക്കുന്ന നഴ്സറിയുടെ പ്രവർത്തനോദ്ഘാടനവും ഇവിടേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലെ പിച്ചിംഗ് ജോലികളുടെ നിർമ്മാണോദ്ഘാടനവും എച്ച്. സലാം എം.എൽ.എ നിർവഹിച്ചു.
636 ഏക്കർ വരുന്ന മണക്കൽ പാടശേഖരത്തിൽ ഒരു ഭാഗത്താണ് പ്രതിവർഷം 3000 ത്തിൽപ്പരം തൊഴിൽ അവസരങ്ങൾ ലഭ്യമാക്കും വിധം നഴ്സറി ആരംഭിക്കുന്നത്. ഗുണമേന്മയുളള വൃക്ഷത്തൈകൾ ഇവിടെ നിന്ന് വിതരണം ചെയ്യാനാകും. 65 ലക്ഷം രൂപ ചെലവിലാണ് ഇവിടേക്കുള്ള റോഡിന്റെ ഇരുവശങ്ങളും പിച്ചിംഗ് കെട്ടി ബലപ്പെടുത്തുന്നത്. ഒന്നര ഏക്കറിൽ വാഹന പാർക്കിംഗ് സൗകര്യവുമൊരുക്കും. നഴ്സറിക്കു പുറമെ മുമ്പ് ഐ.ടി പാർക്ക് ആരംഭിക്കാൻ നികത്തിയെടുത്ത 3 ഏക്കർ സ്ഥലത്ത് ഇവിടത്തെ പ്രകൃതി ഭംഗി നിലനിറുത്തി സ്കൂൾ, കോളേജ് കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉതകുന്ന ജൈവ വൈവിദ്ധ്യ പാർക്കും രണ്ടര ഏക്കറിൽ എക്കോ ടൂറിസം പദ്ധതിയും ആരംഭിക്കും.
ജില്ലാ സാമൂഹ്യ വനവത്കരണ വിഭാഗമാണ് പദ്ധതി ആരംഭിക്കുന്നത്. വർഷങ്ങളായി തരിശുകിടന്ന് കാടു പിടിച്ച പാടത്ത് 13 പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്. പദ്ധതി പ്രവർത്തനമാരംഭിക്കുന്നതോടെ ഇതിനെല്ലാം പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ അദ്ധ്യക്ഷനായി. ഫോറസ്റ്റ് കൺസർവേറ്റർ (കൊല്ലം) എ.പി. സുനിൽകുമാർ ഐ.എഫ്.എസ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജി. വേണുലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അഡ്വ.വി.എസ്. ജിനു രാജ്, കെ. രാജീവൻ, അഗങ്ങളായ ബിന്ദു മോൾ, പ്രിയ അജേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. അശോകൻ, ടി.എ. ഹാമിദ്, ആലപ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻ ചാർജ് എം.എം. മധുസൂദനൻ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കെ. സജി സ്വാഗതം പറഞ്ഞു.