ആലപ്പുഴ: കർഷകരുടെ കൃഷിയിടങ്ങൾ പരിപോഷിപ്പിക്കുന്നതിന് സമഗ്ര പദ്ധതിക്ക് കാർഷിക വികസന വകുപ്പ് തുടക്കമിടുന്നു. കൃഷിയിടങ്ങളുടെ ഫാം പ്ലാനിൽ അധിഷ്ഠിതമായി നടപ്പാക്കുന്ന പദ്ധതിയിൽ 10 സെന്റ് മുതൽ 2 ഏക്കർ വരെ കൃഷി ഭൂമിയുള്ളവരെയാണ് ഗുണഭോക്താക്കളാക്കുന്നത്. ഏതെങ്കിലും ഒരു വിളയെ മാത്രം ആശ്രയിച്ച് കൃഷി നടത്തിയാൽ, ഉത്പന്നത്തിന് വിലത്തകർച്ച ഉണ്ടാവുമ്പോൾ കർഷകന് കനത്ത നഷ്ടം നേരിടേണ്ടിവരും. ഓരോ കൃഷിയിടത്തിന്റെയും ശക്തി ദൗർബല്യങ്ങൾ മനസിലാക്കി വിപണന സാധ്യതയുള്ള പരമാവധി വിളകളും കാർഷിക അനുബന്ധ സംരംഭങ്ങളും കോർത്തിണക്കിയാണ് പുതിയ പദ്ധതി വഴി ലക്ഷ്യമിടുന്നത്. വിവിധ വികസന വകുപ്പുകളുടെയും ഏജൻസികളുടെയും വൈദഗ്ധ്യവും പദ്ധതികളും സംയോജിപ്പിച്ചാവും പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ പങ്കാളികളാകാൻ താത്പര്യമുള്ള കർഷകർക്ക് നവംബർ അഞ്ച് വരെ കൃഷി ഭവനുകളിൽ അപേക്ഷ സമർപ്പിക്കണമെന്ന കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.