ആലപ്പുഴ: നഗരവാസികളെ വലച്ച 12 ദിവസത്തിനൊടുവിൽ ഇന്നലെ രാവിലെ അഞ്ച് മുതൽ നഗരപ്രദേശത്തേക്കുള്ള കുടിവെള്ള പമ്പിംഗ് വാട്ടർ അതോറിട്ടി പുനരാരംഭിച്ചു. എന്നാൽ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം എത്തിത്തുടങ്ങിയിട്ടില്ല.

ടാങ്കുകൾ നിറഞ്ഞ് പൈപ്പ് ലൈനിൽ എത്തുന്നതിനുള്ള കാലതാമസമാണെന്നും ഇന്നു തന്നെ എല്ലാ പ്രദേശത്തും കുടിവെള്ളം ലഭ്യമാകുമെന്നും വാട്ടർ അതോറിട്ടി എക്സിക്യുട്ടിവ് എൻജിനീയർ വ്യക്തമാക്കി. തകഴി ഭാഗത്ത് പൈപ്പ് മാറ്റൽ നടപടികൾ പൂർണമായാൽ മാത്രമേ, പഴയ നിലയിൽ എല്ലാ സമയവും വെള്ളം ലഭിക്കുകയുള്ളൂ. പൈപ്പ് പൊട്ടിയ സ്ഥലത്തെ പ്രശ്നം താത്കാലികമായി പരിഹരിക്കുന്നതിന് പകരം ആ ഭാഗത്ത് പുതിയ പൈപ്പ് വെൽഡ് ചെയ്യാൻ തീരുമാനിച്ചതാണ് പ്രശ്ന പരിഹാരം വൈകാൻ കാരണമായതെന്നും ഉദ്യാഗസ്ഥർ പറയുന്നു. പ്രതീക്ഷിച്ച വേഗത്തിൽ വെൽഡിംഗ് പ്രവൃത്തികൾ പൂർത്തിയായില്ല.

ജല ലഭ്യതയില്ലാത്ത വാർഡുകളിൽ പരിഹാരം ഉറപ്പാക്കുമെന്നും കരാറുകാരന്റെ അനാസ്ഥമൂലം പദ്ധതി വൈകിയാൽ വീണ്ടും പദ്ധതി പ്രദേശം സന്ദർശിച്ച് ഇടപെടൽ നടത്തുമെന്നും മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ യോഗം വിളിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നലെ ചേർന്ന നഗരസഭ അടിയന്തര കൗൺസിൽ യോഗത്തിൽ ചെയർപേഴ്‌സൺ സൗമ്യരാജ് പറഞ്ഞു. എല്ലാ വാർഡുകളിലും ടാങ്കറുകളിൽ വെള്ളം എത്തിച്ചു. 13 ട്യൂബ് വെല്ലുകൾ പ്രവർത്തന സജ്ജമാക്കിയെന്നും നഗരസഭാദ്ധ്യക്ഷ വ്യക്തമാക്കി.

# കാലിക്കുടവുമായി പ്രതിപക്ഷം

കുടിവെള്ള പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.റീഗോ രാജുവിന്റെ നേതൃത്വത്തിൽ പ്രതിപക്ഷാംഗങ്ങൾ നഗരസഭ കൗൺസിലിൽ കാലിക്കുടവുമായി എത്തി. 50,000ൽ അധികം വീടുകളുള്ള നഗരത്തിൽ കേവലം 6 ടാങ്കറുകളിൽ വെള്ളം വിതരണം ചെയ്യുന്നത് പ്രഹസനമാണെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ കൗൺസിൽ ബഹിഷ്‌കരിച്ച് നഗരസഭ പടിക്കൽ ധർണ നടത്തി. സജേഷ് ചാക്കുപറമ്പിൽ, പി.എസ്.ഫൈസൽ, കൊച്ചുത്രേസ്യ ജോസഫ്, ജി.ശ്രീലേഖ, സുമം സ്‌കന്ദൻ, അമ്പിളി അരവിന്ദ്, ബിജി ശങ്കർ, ജെസ്സി മോൾ ബെനഡിക്റ്റ്, പി.ജി. എലിസബത്ത് തുടങ്ങിയവർ സംസാരിച്ചു.

# പ്രക്ഷോഭം തുടരും: എ.എ.ഷുക്കൂർ

കുടിവെള്ള പ്രശ്നത്തിൽ നഗരഭരണത്തിനെതിരെ നികുതിനിഷേധ കാമ്പയിൻ നടത്തി പ്രക്ഷോഭം തുടരുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ പറഞ്ഞു. നഗരസഭയ്ക്ക് മുന്നിൽ ആലപ്പുഴ സൗത്ത്, നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലപ്പുഴ സൗത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി.മനോജ് കുമാർ അദ്ധ്യക്ഷ വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് തോമസ് ജോസഫ്, സിറിയക് ജേക്കബ്, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.റിഗോ രാജു, രാജു താന്നിക്കൽ, ബഷീർ കോയാപറമ്പിൽ, സീനത്ത് നാസർ, നൂറുദ്ദീൻ കോയ, നസീം ചെമ്പകപ്പള്ളി, ജമീല ബീവി, ഷോളി സിദ്ധകുമാർ, ആർ.സ്‌കന്ദൻ, സോളമൻ പഴമ്പാശ്ശേരി, നഗരസഭാംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.