ആലപ്പുഴ: ആലപ്പുഴ നഗരസഭ ടൗൺ പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റ് അമൃത് പദ്ധതി പ്രകാരം തയ്യാറാക്കിയ ജി.ഐ.എസ് അധിഷ്ഠിത നഗര മാസ്റ്റർ പ്ലാൻ വാർഡ് തല ക്ലസ്റ്ററുകളുടെയും വികസന സെമിനാറിന്റെയും നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്‌കരിച്ച് പ്രസിദ്ധീകരിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.

ലൈഫ് 2020 പദ്ധതി പ്രകാരം ഓൺലൈനായി അപേക്ഷിച്ച ഭൂരഹിത ഭവന രഹിതരിലും ഭൂമിയുള്ള ഭവനരഹിതരിലും അർഹതപ്പെട്ടവരുടെ അന്തിമ ലിസ്റ്റിന് കൗൺസിൽ അംഗീകാരം നൽകി. ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ച കൗൺസിലിൽ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീനരമേശ്, കെ.ബാബു, കക്ഷിനേതാക്കളായ എം.ആർ പ്രേം, ഡി.പി മധു, റീഗോരാജു, ഹരികൃഷ്ണൻ, കൗൺസിലർമാരായ എൽജിൻ റിച്ചാർഡ്, കൊച്ചുത്രേസ്യാമ്മ ജോസഫ്, ബി.അജേഷ്, അരവിന്ദാക്ഷൻ, ബി. നസീർ, എ.എസ്. കവിത എന്നിവർ പങ്കെടുത്തു

സേവനങ്ങൾ മെച്ചപ്പെടുത്താൻ നിർദ്ദേശങ്ങൾ

# ജീവനക്കാർ കൃത്യസമയത്ത് ഹാജരാകണം

# പൊതുജനങ്ങളോട് സൗമ്യമായും സുതാര്യമായും പെരുമാറണം

# അപേക്ഷകൾ സമയബന്ധിതമായും കൃത്യമായും തീർപ്പുകൽപ്പിക്കണം

# സന്ദർശന, പരാതി പുസ്തകങ്ങൾ വരുത്തി സൂക്ഷിക്കണം

# സൗകര്യപ്രദമായ റെക്കോർഡ് റൂം സംവിധാനം ഉറപ്പാക്കണം

# ഫ്രണ്ട് ഓഫീസിൽ ചെക്ക് ലിസ്റ്റ്, രേഖകൾ പ്രദർശിപ്പിക്കണം

# ജീവനക്കാർക്ക് സൗഹാർദ്ദപരമായ ഓഫീസ് അന്തരീക്ഷം വേണം

..................................

കൗൺസിലിലെ മറ്റ് തീരുമാനങ്ങൾ

# പാലസ് വാർഡിലെ വിവിധ റോഡുകൾ ബേസ് ലെയറിൽ മാറ്റങ്ങൾ വരുത്തി എസ്റ്റിമേറ്റ് തുക അധികരിക്കാതെ പൂർത്തീകരിക്കും

# 2022 -23 വർഷത്തെ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റിന് അംഗീകാരം

# ഹെൽത്ത് വെൽഫയർ സെന്ററുകളുടെ നവീകരണം, പുതിയ പി.എച്ച്.സികൾ ആരംഭിക്കൽ, അർബൻ പി.എച്ച്.സികളെ പോളിക്ലിനിക്കുകളായി അപ്‌ഗ്രേഡ് ചെയ്യൽ, അടിസ്ഥാന സൗകര്യമൊരുക്കൽ

# വെൽനസ് ഗ്രാന്റ്, പാലിയേറ്റീവ്, വയോമിത്രം പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തി 10 കോടിയുടെ പദ്ധതി

# പ്രളയഫണ്ട് കൈപ്പറ്റിയതുമൂലം പി.എം.എ.വൈ പദ്ധതിയിൽ ആനുകൂല്യം ലഭ്യമാകാത്ത ഗുണഭോക്താക്കൾക്ക് തുക പലിശ സഹിതം തിരിച്ചടയ്ക്കാമെന്ന അപേക്ഷ പരിഗണിച്ച് ആധാരങ്ങൾ തിരികെ നൽകും

# തത്തംപള്ളി വാർഡിലെ പൊൻവേലി തോട് കൽക്കെട്ട് നിർമ്മാണ പ്രവർത്തി സൈറ്റ് പ്ലാൻ മാറ്റി ചെയ്യും