ആലപ്പുഴ: സ്കൂൾ സമയം അവസാനിക്കുന്ന നാല് മണിക്ക് മുമ്പ് ബോട്ട് കടന്നുപോകുന്നത് മൂലം വിദ്യാർത്ഥികൾ പെരുവഴിയിലാകുന്നതായി പരാതി. മുമ്പ് വൈകിട്ട് നാല് മണിക്ക് പുറപ്പെട്ടിരുന്ന കൃഷ്ണപുരം - ആലപ്പുഴ ബോട്ട് സർവീസിന്റെ സമയം 3.45ലേക്ക് പരിഷ്ക്കരിച്ചതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഈ ബോട്ട് ലഭിക്കാതെ വരുന്നതോടെ, അടുത്ത ബോട്ടിന് വേണ്ടി ഒന്നേകാൽ മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നതായി വിദ്യാർത്ഥികൾ പറയുന്നു. ടെക്നിക്കൽ സ്കൂൾ ഉൾപ്പടെ പല വിദ്യാ‌ലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ വർഷങ്ങളായി ആശ്രയിച്ചിരുന്ന സർവീസിന്റെ സമയമാണ് പൊടുന്നനെ മാറ്റിയത്. ഇതേ ബോട്ടിന്റെ മറ്റ് സർവീസുകളുടെ സമയവും 15 മിനിറ്റ് നേരത്തെയാക്കിയിട്ടുണ്ട്. കൃഷ്ണപുരത്ത് നിന്ന് ആലപ്പുഴ്ക്കുള്ള 12 മണിയുടെ സർവീസ് രാവിലെ 11.45ലേക്കും, ആലപ്പുഴയിൽ നിന്ന് കൃഷ്ണപുരത്തേക്ക് ഉച്ചയ്ക്ക് 2ന് പുറപ്പെട്ടിരുന്നത് 1.45ലേക്കും മാറ്റി. സമയം മാറ്റത്തിൽ പ്രതിഷേധിച്ച് ടെക്നിക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം ഈ ബോട്ട് സി.എം.എസ് ജെട്ടിയിൽ പിടിച്ചുകെട്ടി പ്രതിഷേധിച്ചിരുന്നു.


വൈകിയാത്ര ശീലമായി

ആലപ്പുഴ നഗരസഭ നെഹ്‌റുട്രോഫി വാർഡിൽ സോമൻ ജെട്ടി മുതൽ അഴീക്കൽ ജെട്ടിവരെയുള്ള പ്രദേശത്തെ കുട്ടികളുടെ യാത്രാക്ലേശത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ബോട്ടോ വള്ളമോ ഇല്ലാതെ തയ്യിൽ കായൽ, ഭഗവതി പാടം പ്രദേശങ്ങളിലെ ജനങ്ങൾക്ക് മറുകര കടക്കാൻ കഴിയില്ല. ആലപ്പുഴയിൽ നിന്ന് അൻപതിലധികം സർവീസുകൾ നടത്തുമ്പോഴും, വിരലിലെണ്ണാവുന്നവ മാത്രമാണ് ഈ റൂട്ട് വഴി സഞ്ചരിക്കുന്നത്. രാവിലെ 6.30നും, 9നുമാണ് ബോട്ടെത്തുന്നത്. 9ന്റെ ബോട്ടിൽ കയറിയാൽ 9.30ന് ബെല്ലടിക്കും മുമ്പ് ക്ലാസിലെത്താൻ സാധിക്കാറില്ലെന്ന് കുട്ടികൾ പറയുന്നു. വൈകിട്ടാവട്ടെ 4.45നും 6.30നുമാണ് സർവ്വീസുകൾ. 4 മണിക്ക് ക്ലാസ് കഴിയുന്ന കുട്ടികൾ 4.45വരെ ബോട്ട് കാത്ത് ജെട്ടിയിലിരിക്കണം. പല ദിവസങ്ങളിലും ഈ ബോട്ട് മുടങ്ങുന്നതും പതിവാണ്. 6.30ന്റെ ബോട്ട് കഴിഞ്ഞാൽ പിന്നെ കടത്തുവള്ളം മാത്രമാണ് ആശ്രയം. സമയത്ത് സ്‌കൂളിലെത്താൻ ബോട്ടില്ലാത്തതിനാൽ കടത്തുവള്ളം വാടകയ്‌ക്കെടുത്താണ് കുട്ടികളെ അയക്കുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. ജില്ലാ കളക്ടർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മൂന്ന് സർവീസുകൾ ഈ റൂട്ടിൽ അനുവദിച്ചതായി അറിയിപ്പ് ലഭിച്ചെങ്കിലും, അത്രയും സർവീസുകൾ നടക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

നിലവിൽ ആശ്രയിച്ചിരുന്ന ബോട്ട് സമയം മാറ്റി നേരത്തെ പോകുന്നതിനാൽ ഞങ്ങൾക്ക് അടുത്ത ബോട്ടിന് വേണ്ടി ഒന്നേകാൽ മണിക്കൂറാണ് കാത്തിരിക്കേണ്ടി വരുന്നു. സ്കൂൾ സമയത്തിന് അനുസൃതമായി ബോട്ട് സമയം പുനഃസ്ഥാപിക്കണം

-കാവാലം ടെക്നിക്കൽ സ്കൂൾ വിദ്യാർത്ഥികൾ