
ആലപ്പുഴ: ജില്ലയിൽ അമ്പതിനായിരത്തിലധികം നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്‌സിൻ നൽകി. ശേഷിക്കുന്നവയ്ക്ക് വരും ദിവസങ്ങളിൽ വാക്‌സിൻ നൽകും. 47004 വളർത്തു നായ്ക്കൾക്കും, 1411 തെരുവ് നായ്ക്കൾക്കുമാണ് ഇതുവരെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. 2286 വളർത്തുപൂച്ചകൾക്കും വാകസിൻ നൽകി. ആലപ്പുഴ, ചെങ്ങന്നൂർ നഗരസഭകളിലാണ് വളർത്തു നായ്ക്കൾക്ക് പുറമേ, തെരുവുനായ്ക്കൾക്കുള്ള നാക്‌സിനേഷൻ നടന്നത് . സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്ന വാക്സിനേഷന്റെ കണക്ക് മൃഗസംരക്ഷണ വകുപ്പിന്റെ പോർട്ടലിൽ ഉൾപ്പെടുത്താറില്ല. ഇതുകൂടി പരിഗണിക്കുമ്പോൾ ജില്ലയിൽ പേവിഷ പ്രതിരോധ വാക്സിനേഷൻ 80 ശതമാനം പിന്നിട്ടതായാണ് കണക്കാക്കുന്നത്.
പ്രതിരോധ വാക്‌സിൻ നൽകിയത്
വളർത്തു നായ്ക്കൾ - 47004
തെരുവ് നായ്ക്കൾ - 1411
പൂച്ചകൾ - 2286
ആകെ - 50701
വന്ധ്യംകരണം വൈകും
സൗകര്യങ്ങളുള്ള സെന്ററുകൾ സജ്ജമായിട്ടില്ലാത്തതിനാൽ നായ്ക്കളിൽ വന്ധ്യംകരണം പുനരാരംഭിക്കാൻ കാലതാമസം നേരിടുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ വ്യക്തമാക്കി. കേന്ദ്ര മാനദണ്ഡ പ്രകാരം ഓപ്പറേഷൻ നടത്തുന്നതിന് എ.സി സംവിധാനമുള്ള മുറിയുൾപ്പടെയുള്ള സജ്ജീകരണങ്ങൾ നിർബന്ധമാണ്. ജില്ലയിൽ ഒരിടത്തും അത്തരത്തിൽ സൗകര്യങ്ങളില്ലാത്തതാണ് നിലവിൽ വന്ധ്യംകരണം പുനരാരംഭിക്കുന്നത് വൈകാൻ കാരണം.
ഹോട്ട് സ്‌പോട്ടുകൾ കൂടിയില്ല
ജില്ലയിൽ ഹോട്ട് സ്‌പോട്ടുകളായി കണ്ടെത്തിയ 19 കേന്ദ്രങ്ങൾക്ക് പുറമേ, ഒന്നുപോലും വർദ്ധിക്കാത്തത് ആശ്വാസകരമാണ്. പ്രതിരോധ കുത്തിവയ്പ്പിന് വേണ്ടി പിടിക്കുന്നതിനാൽ നായ്ക്കളുടെ ശല്യത്തിനും അല്പം കുറവ് വന്നിട്ടുണ്ട്.
"മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം ആന്റി റാബിസ് കുത്തിവെയ്പ്പ് 73 ശതമാനം പൂർത്തിയായിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെ പ്രതിരോധ കുത്തിവെയ്പിന്റെ കണക്ക് കൂടി പരിഗണിക്കുമ്പോൾ, ജില്ലയിൽ 80 ശതമാനം വാക്സിനേഷൻ പൂർത്തിയായിട്ടുണ്ടെന്ന് വിലയിരുത്താം".
- ഡോ.സന്തോഷ്, ജില്ലാ മൃഗസംരക്ഷണ വകുപ്പ്