ചേർത്തല: ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന എല്ലാ മരുന്നുകളും സർക്കാർ ലബോറട്ടറികളിൽ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടേ ഉപയോഗത്തിനുള്ള അനുമതി നൽകാവുയെന്നാവശ്യപ്പെട്ട് സീനിയർ ഫാർമസിസ്റ്റ് ഓർഗനൈസേഷൻ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. നിലവിൽ കമ്പനികൾ സ്വയം പരിശോധന നടത്തി മരുന്നുകൾ മാർക്കറ്റിൽ ഇറക്കുന്ന രീതിയാണുള്ളത്.ഡ്രഗ്സ് കൺട്രോൾ വിഭാഗം വല്ലപ്പോഴും മാർക്കറ്റിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് സർക്കാർ ലാബുകളിൽ പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്.സർക്കാർ പരിശോധനയിൽപ്പെടാതെ കമ്പനികളുടെ പരിശോധനയിൽ മാത്രം വിറ്റഴിക്കപ്പെടുന്ന മരുന്നുകളും ധാരാളമുണ്ട്. സർക്കാർ ലാബുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും നിശ്ചിത ഫീസ് ഈടാക്കി എല്ലാ ബാച്ചിൽപ്പെട്ട മരുന്നുകളും പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകിയ ശേഷം മാത്രം മാർക്കറ്റിൽ ലഭ്യമാക്കുന്ന സംവിധാനം ഏർപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.