
ആലപ്പുഴ: സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ സ്വിച്ച് ഓൺ ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് നിർവഹിച്ചു. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ.ജയരാജിന്റെ മേൽനോട്ടത്തിൽ സൗത്ത് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരും പെതുജനങ്ങളും ചേർന്ന് ട്രൂ ഐസ് കമ്മറ്റി രൂപീകരിച്ചാണ് പ്രധാന പാതയോരങ്ങളിലും ജംഗ്ഷനുകളിലുമായി അത്യാധുനിക നൈറ്റ് വിഷൻ കളർ ക്യാമറകൾ സ്ഥാപിച്ചത്. ചന്ദ്രശേഖരൻ നായർ, എൻ.ആർ.ജയരാജ്, എം.കെ.ബിനു കുമാർ, ഐവാൻ രത്നം, സംവിധായകൻ ഫാസിൽ, ട്രൂ ഐസ് കമ്മിറ്റി ട്രഷറർ സുലൈമാൻ എം, സൗത്ത് സി.ഐ എസ്.അരുൺ എന്നിവർ പങ്കെടുത്തു. ആദ്യഘട്ടമെന്ന നിലയിൽ കളർകോട് ബൈപ്പാസ് മുതൽ എസ്.ഡി കോളേജ് ജംഗ്ഷൻ, ചങ്ങനാശ്ശേരി ജംഗ്ഷൻ, വലിയചുടുകാട് ജംഗ്ഷൻ, തിരുവാമ്പാടി പുലയൻവഴി, ജി.എച്ച് ജംഗ്ഷൻ, വെള്ളക്കിണർ, കൊത്തുവാൾ ചാവടി, വഴിച്ചേരി മാർക്കറ്റ് എന്നീ സ്ഥലങ്ങളിൽ അത്യാധുനിക നൈറ്റ് വിഷൻ കളർ ക്യാമറകൾ സ്ഥാപിച്ചു.