കായംകുളം: കായംകുളത്ത് 500 ന്റെ വ്യാജ നോട്ടുകൾ പിടികൂടിയ സംഭവത്തിൽ മംഗളൂരുവിൽ നിന്നു നോട്ടുകൾ എത്തിച്ച വയനാട് കൽപ്പറ്റ സ്വദേശി സനീറിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളിൽ നിന്നു 500 ന്റെ 11 വ്യാജ നോട്ടുകളും പിടിച്ചെടുത്തു. ഇയാൾക്ക് നോട്ടുകൾ നൽകിയ മംഗളുരു സ്വദേശിയും പൊലീസിന്റെ നിരീക്ഷണത്തിലാണ്. നോട്ടുകൾ പാക്കിസ്ഥാൻ നിർമ്മിതമോണോ എന്ന് പരിശോധിക്കാൻ ഫോറൻസിക് വിഭാഗത്തിന് നൽകിയെങ്കിലും ഫലം ലഭിച്ചില്ല.
ഇതോടെ കേസിൽ എട്ടുപേർ അറസ്റ്റലായി. 2.74 ലക്ഷം രൂപയുടെ 549 വ്യാജനോട്ടുകൾ കണ്ടെടുത്തു. നോട്ടുകൾ വിതരണം ചെയ്തവരാണ് ഇതുവരെ അറസ്റ്റിലായത്. നോട്ടിന്റെ ഉറവിടം പൂർണ്ണമായും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് പ്രത്യേക സംഘം മംഗളുരുവിൽ അന്വേഷണം നടത്തുന്നുണ്ട്. അറസ്റ്റിലായ കായംകുളം കണ്ണമ്പള്ളിഭാഗം വലിയപറമ്പിൽ വീട്ടിൽ നൗഫൽ (38), കായംകുളം പുത്തേത്ത് ബംഗ്ലാവിൽ ജോസഫ് (34), ഓച്ചിറ ചങ്ങൻകുളങ്ങര മുറിയിൽ കോലേപ്പള്ളിൽ വീട്ടിൽ മോഹനൻ (66), ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ സക്കറിയാ ബസാർ ഭാഗത്ത് യാഫി പുരയിടം വീട്ടിൽ ഹനീഷ് ഹക്കിം (35), ഓച്ചിറ വവ്വാക്കാവ് പൈങ്കിളി പാലസ് വീട്ടിൽ അമ്പിളി എന്ന ജയചന്ദ്രൻ (54) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആദ്യം അറസ്റ്റിലായ തഴവ തട്ടാശേരി പടീറ്റതിൽ സുനിൽദത്ത് (54), ചൂനാട് തടായി വടക്കതിൽ അനസ് (46) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.
നൗഫലും ജോസഫും കായംകുളത്ത് കമ്മിഷൻ കടയിലെ മത്സ്യ ഇടപാടുകാരാണ്. മോഹനൻ കച്ചവടക്കാരനും ജയചന്ദ്രൻ വവ്വക്കാവിലെ പ്രമുഖ വ്യവസായിയും കാഷ്യു ഫാക്ടറി ഉടമയുമാണ്. ഇവരുടെ മേഖലയിൽ വ്യാജ നോട്ടുകൾ ചെലവഴിച്ചിട്ടുണ്ടന്നാണ് കരുതുന്നത്.