ചേർത്തല: വയലാറിലും ചേർത്തല വടക്കേ അങ്ങാടിയിലും രണ്ടു ദിവസത്തിനിടെ നടന്ന മൂന്ന് അക്രമ സംഭവങ്ങളിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സി.പി.ഐ പ്രവർത്തകർക്കും എ.ഐ.വൈ.എഫ് നേതാവിനുമാണ് പരിക്കേറ്റത്.
വയലാറിൽ വ്യാഴാഴ്ച രാത്രിയും വടക്കേ അങ്ങാടിയിൽ വെള്ളിയാഴ്ച രാത്രി 8.30നുമാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് ആഞ്ഞിലിപ്പാലത്തിനു സമീപം നഗരസഭ മൂന്നാം വാർഡ് കുളമ്പുകാട്ട് സനോജിന് (23) വെട്ടേറ്റത്. ഈ സംഭവത്തിൽ നഗരസഭ 18-ാം വാർഡ് പുത്തൻപുരയ്ക്കൽ ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. അലക്ഷ്യമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് വയലാറിൽ രണ്ടു സി.പി.ഐ പ്രവർത്തകർക്കും തടയാനെത്തിയ വൃദ്ധയ്ക്കും പരിക്കേറ്റത്. വയലാർ പഞ്ചായത്ത് 7-ാം വാർഡ് ഉമ്മിണിത്തറ സരസമ്മ (67), എട്ടാംവാർഡ് കണ്ണേകാട്ട് നികർത്ത് എ.എസ്.സതീശൻ (56), പുതുമനക്കരി പ്രമോദ് (49) എന്നിവരെയാണ് ഏഴംഗസംഘം മർദ്ദിച്ചത്.
എ.ഐ.വൈ.എഫ് ടൗൺ വെസ്റ്റ് മേഖല പ്രസിഡന്റ് അരുൺ ടോമിനാണ് (30) വടക്കേ അങ്ങാടി കവലയിൽ വച്ച് വെട്ടേറ്റത്. കൈക്കു പരിക്കേറ്റ അരുൺ കോട്ടയം മെഡി. ആശുപത്രിയിൽ ചികിത്സയിലാണ്. രക്തസാക്ഷി വാരാചരണ പരിപാടികൾക്കിടയിലുണ്ടായ തർക്കമാണ് സംഘട്ടനത്തിനു കാരണമെന്ന് പൊലീസ് പറയുന്നു. ആരെയും പിടികൂടാനായിട്ടില്ല. മൂന്നു കേസുകളും ചേർത്തല പൊലീസാണ് അന്വേഷിക്കുന്നത്.