 
മാന്നാർ: ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി ചെന്നിത്തല പതിനെട്ടാം വാർഡ് വെട്ടത്തേരി പാടത്ത് അരങ്ങേറിയ ഗോത്രകലകൾ ശ്രദ്ധേയമായി. കൃഷിയിൽ നിന്നു പിന്നാക്കം പോകുന്ന പുതിയ തലമുറ എരുതുകളിയിലുംട, ചക്രപ്പാട്ടിലും ആവേശം കൊണ്ട് ചെളിവെള്ളത്തിലേക്ക് ചാടി. ഫോക്ലോർ അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണനും പാടത്ത് നൃത്തം വച്ചു.
പരുന്ത് പാടത്ത് പറന്നിറങ്ങുന്നത് ഐശ്വര്യ ലക്ഷണമാണെന്ന ഗോത്രവർഗ്ഗ വിശ്വാസപ്രകാരം പനയോല കൊണ്ട് ചിറക് വിരിച്ച വലിയ നാല് ചെമ്പരുന്തുകളെ ആദ്യം പാടത്തിറക്കി. ഇവ ചിറകടിച്ച് നൃത്തംവച്ചു. വെൺ വട്ടതുണിയാൽ നിർമിച്ച കാളയും ഉഴവുകാരും പാടത്തിറങ്ങി. ഒപ്പം നാട്ടുകാരനായ കൊച്ചാലുംമൂട്ടിൽ രാജപ്പൻ തന്റെ പോത്തുകളെ നുകവും കലപ്പയും വച്ച് പാടത്തിറക്കി. വലിയ പരുന്തുകളെക്കണ്ട് പോത്തുകൾ വിരണ്ടോടാൻ ശ്രമിച്ചെങ്കിലും നാട്ടിലെ പാട്ടുകാരനായ പാറയിൽ ബാലൻ കലപ്പയ്ക്ക് കൈപിടിച്ച് ഉഴവ് പൂർണ്ണമാക്കി.
പാളത്തൊപ്പി അണിഞ്ഞ കലാകാരികൾ ഞാറ്റ് പാട്ട് ഏറ്റെടുത്ത് ഞാറ് നട്ടു. എൺപത് കഴിഞ്ഞ ഗോത്ര മുത്തശ്ശിയും ഇളംതലമുറയിലെ കുട്ടികളും അടങ്ങിയ കാസർകോട് ആവണീശ്വരം ഗോത്ര പെരുമയിലെ കലാകാരന്മാർ മുടിയാട്ടവും വടി നൃത്തവും അവതരിപ്പിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ലീലാമ്മ ഡാനിയേൽ അദ്ധ്യക്ഷയായി. ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, വൈസ് പ്രസിഡന്റ് രവികുമാർ കോമന്റെത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദീപു പടകത്തിൽ, ജനപ്രതിനിധികളായ അഭിലാഷ് തൂമ്പിനാത്ത്, അജിത ദേവരാജൻ, കെ.വിനു, ഉമ താരാനാഥ് എന്നിവർ സംസാരിച്ചു.