ആലപ്പുഴ: നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉറപ്പാക്കാൻ തകഴിയിലെ പദ്ധതി പ്രദേശത്തെ നിർമ്മാണ പരോഗതി വിലയിരുത്തുന്നതിനായി നിർവഹണ ഉദ്യോഗസ്ഥരെ കൗൺസിൽ യോഗത്തിലേക്ക് വിളിച്ചവരുത്തി. കൗൺസിലർമാരെ ഉൾപ്പെടുത്തി നഗരസഭാതല മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിച്ചു.
കമ്മിറ്റിയുടെ നേതൃത്വത്തിൽ തകഴിയിലെ പൈപ്പ് മാറ്റം നേരിട്ടും ഓൺലൈനായും നിരീക്ഷിക്കും. പമ്പിംഗ് ആരംഭിച്ചെങ്കിലും പൂർണ്ണ തോതിൽ എല്ലാ പ്രദേശത്തും ജല ലഭ്യത ഉറപ്പാക്കാൻ നിലവിലെ നോഡൽ ഓഫീസറുടെ ചുമതല തുടരുമെന്ന് ചെയർപേഴ്‌സൺ സൗമ്യരാജ് അറിയിച്ചു.
അമൃത് 2.0 പദ്ധതിയിലൽ ഉൾപ്പെടുത്തി വാട്ടർ, സ്വീവറേജ് സെക്ടറുകളിലേക്ക് സാങ്കേതിക സമർപ്പണത്തിനായി സ്റ്റാർട്ടപ്പുകളുടെ സേവനം പ്രയോജനപ്പെടുത്തി അമൃത് മിഷൻ 20 ലക്ഷം അനുവദിക്കും. സ്വീവറേജ്, സംസ്‌കരണ സംവിധാനത്തിനായി വാട്ടർ അതോറിട്ടി ഉടമസ്ഥതയിലുള്ള 75 സെന്റ് ഉപയോഗിച്ച് വികേന്ദ്രീകൃത സംവിധാനത്തിൽ നഗരസഭയിലെ 32 മുതൽ 36 വരെ വാർഡുകൾ പൂർണ്ണമായും 37, 38, 42, 44 വാർഡുകൾ ഭാഗികമായും ഉൾപ്പെടുത്തി 5 ദശലക്ഷം ശേഷിയുള്ള ശുദ്ധീകരണ ശാലയും അനുബന്ധ ഘടകങ്ങളും തയ്യാറാക്കാനുള്ള അനുമതി പത്രവും, ആവശ്യമായ സ്ഥലങ്ങൾ ഏറ്റെടുത്ത് നൽകാനും കൗൺസിൽ അംഗീകാരം നൽകി.
സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ സ്ഥിരം സമിതി അദ്ധ്യക്ഷരായ, ബീനരമേശ്, കെ.ബാബു, കക്ഷിനേതാക്കളായ എം.ആർ.പ്രേം, റീഗോരാജു, ഹരികൃഷ്ണൻ, കൗൺസിലർമാരായ എൽജിൻ റിച്ചാർഡ്, കൊച്ചുത്രേസ്യാമ്മ ജോസഫ്, അരവിന്ദാക്ഷൻ, ബി. നസീർ, ലിന്റ ഫ്രാൻസിസ്, റഹിയാനത്ത്, ഹെലൻ ഫെർണാണ്ടസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
# മറ്റ് തീരുമാനങ്ങൾ
*നെഹ്രുട്രോഫി വാർഡിൽ നിർമ്മിക്കുന്ന അർബൻ പ്രൈമറി ഹെൽത്ത് സെന്ററിന്റെ ഡി.പി.ആർ തയ്യാറാക്കാൻ നടപടികൾ
* തോണ്ടൻകുളങ്ങര, ചാത്തനാട് വാർഡുകളിൽ അങ്കണവാടി നിർമ്മാണം എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി ചെയ്യാൻ വനിതാ ശിശു വികസന വകുപ്പിന് അംഗീകാരം നൽകി
*കറുകയിൽ ജംഗ്ഷൻ മുതൽ കുതിരപ്പന്തി മുക്കയിൽ ഭാഗം വരെ റോഡിന്റെ മാസ്റ്റർ പ്ലാനിൽ ഭേദഗതി വരുത്താൻ പ്ലാനിംഗ് വിഭാഗത്തിന്റെ അംഗീകാരം ലഭിച്ചു