photo

ചേർത്തല: ലോക്‌സഭാ തി​രഞ്ഞെടുപ്പിനു മുമ്പ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏകദിന പഠന ശിബിരവും സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ ജില്ലാതല പര്യടനവും നടത്താൻ കണിച്ചുകുളങ്ങര കരപ്പുറം റസിഡൻസിയിൽ കൂടിയ ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു.

സംസ്ഥാന പഠന ശിബിരം കോട്ടയത്ത് സംഘടിപ്പിക്കും. അതിന് മുന്നോടിയായി പാർട്ടിയുടെ താഴേത്തട്ടു മുതലുള്ള പ്രവർത്തകരെ സജ്ജരാക്കാൻ തുഷാർ വെള്ളാപ്പള്ളി എല്ലാ ജില്ലകളിലും പര്യടനം നടത്തും. വിപുലമായ സമ്മേളനങ്ങളോടെയാണ് പര്യടനം സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ട് 4 ന് ഇടുക്കി, നവംബർ 1ന് രാവിലെ 10ന് കോട്ടയം, ഉച്ചയ്ക്ക് 2ന് പത്തനംതിട്ട, വൈകിട്ട് 6 ന് ആലപ്പുഴ, 3 ന് രാവിലെ 10ന് പാലക്കാട്, ഉച്ചയ്ക്ക് 2ന് തൃശ്ശൂർ, വൈകിട്ട് 5ന് എറണാകുളം, 4ന് രാവിലെ 10ന് കൊല്ലം, വൈകിട്ട് 3ന് തിരുവനന്തപുരം എന്നിങ്ങനെയാണ് പര്യടനം സംഘടിപ്പിച്ചിട്ടുള്ളത്. ഓരോ ജില്ലയി​ലും നടക്കുന്ന സമ്മേളനങ്ങളിൽ പഞ്ചായത്ത്, മണ്ഡലം, ജില്ല ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കും. സമ്മേളനങ്ങളുടെ വിജയത്തിനായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ ജില്ലാ കമ്മി​റ്റികൾ നടത്തും.

ബി.ഡി.ജെ.എസിന്റെ സ്ഥാപക ദിനമായ ഡിസംബർ 5ന് പഞ്ചായത്ത് തലങ്ങളിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കാനും സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. യോഗത്തിൽ തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് അരയാക്കണ്ടി, സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി.തങ്കപ്പൻ,ഐ.ടി.ഡി.സി ഡയറക്ടർ കെ. പത്മകുമാർ, റബ്ബർ ബോർഡ് വൈസ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ ചാലക്കുടി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.ടി.മന്മഥൻ, എ.എൻ.അനുരാഗ്, പൈലി വാത്യാട്ട്, അഡ്വ.സംഗീത വിശ്വനാഥൻ, രാജേഷ് നെടുമങ്ങാട്, അനിരുദ്ധ് കാർത്തികേയൻ, പച്ചയിൽ സന്ദീപ്, പി.എസ്‌.ജ്യോതിസ്, തമ്പി മേട്ടുതറ, തഴവ സഹദേവൻ എന്നിവർ സംസാരിച്ചു.