
ആലപ്പുഴ: കാർ തട്ടി നിയന്ത്രണം വിട്ട ബുള്ളറ്റ് ടിപ്പർ ലോറിക്കടിയിൽപ്പെട്ട് ബുള്ളറ്റ് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ വഴിച്ചേരി സെന്റ് ആന്റണീസ് ട്രീറ്റ് ആർ.എസ് നിവാസിൽ രാജുവിന്റെ മകൻ റൂബൻ രാജ് (35) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ വഴിച്ചേരി ആശ്രമം റോഡിൽ ചാത്തനാട് മന്നത്ത് ജംഗ്ഷനിലായിരുന്നു അപകടം.
റൂബൻ രാജിന്റെ നെഞ്ചിലൂടെ ടിപ്പർ കയറിയിറങ്ങി. കൈ അറ്റുപോയി രക്തം വാർന്ന നിലയിൽ റോഡിൽ കിടന്ന യുവാവിനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കവേ, വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സിന്റെ ആംബുലൻസിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റൂബിൻ രാജും കുടുംബവും ആശ്രമത്തിനടുത്ത് വാടകയ്ക്കാണ് താമസിക്കുന്നത്. കുടുംബ വീട്ടിൽ ചടങ്ങുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഭാര്യയും കുട്ടിയുമൊത്ത് റൂബൻരാജ് എത്തിയതായിരുന്നു. വൈകിട്ടത്തെ ചടങ്ങിൽ പങ്കെടുക്കാൻ വസ്ത്രം മാറാനായി വാടക വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ഇടിച്ച കാർ നിറുത്തിയില്ല. കണ്ടെത്താൻ പൊലീസ് സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിക്കുകയാണ്. മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിൽ. അമ്മ: മംഗളം. ഭാര്യ: മോനിഷ. മകൾ: ഇവാന.