 
മാവേലിക്കര- സി.ബി.എസ്.ഇ ആലപ്പുഴ - പത്തനംതിട്ട സഹോദയ കലോത്സവത്തിൽ ഗായത്രി സെൻട്രൽ സ്കൂൾ ഓവറാൾ ജേതാക്കളായി. 968 പോയിന്റുമായാണ് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 880 പോയിന്റു നേടിയ കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളിനാണ് രണ്ടാം സ്ഥാനം. 59 ഇനങ്ങളിലായി വിവിധ വേദികളിൽ മോഹിനിയാട്ടം, ഭരതനാട്യം, സംഘഗാനം, സംഘനൃത്തം, ഒപ്പന, തിരുവാതിര, നാടോടിനൃത്തം, മൂകാഭിനയം, മോണോ ആക്ട്, ലളിതഗാനം, ശാസ്ത്രീയസംഗീതം തുടങ്ങിയ മത്സരങ്ങളിൽ ആയിരത്തിലധികം കുട്ടികൾ പങ്കെടുത്തു.
582 പോയിന്റു നേടി ഏഴംകുളം നാഷണൽ സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും . 406 പോയിന്റുമായി പദ്മശ്രീ സെൻട്രൽ സ്കൂൾ നാലാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ എസ്.എൻ.സെൻട്രൽ സ്കൂൾ മാനേജർ ചന്ദ്രദാസ് അധ്യക്ഷനായി. സി.ബി.എസ്.ഇ സംസ്ഥാന സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും പദ്മശ്രീ സെൻട്രൽ സ്കൂൾ മാനേജരുമായ പി എസ് രാമചന്ദ്രൻ മുഖ്യപ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു. സഹോദയ പ്രസിഡന്റ് ഡോ.എസ്.ബി ശ്രീജയ, വൈസ് പ്രസിഡന്റ് ലീനാശങ്കർ, സെക്രട്ടറി വി സുനിൽകുമാർ, കെ.കെ.മത്തായി എന്നിവർ സംസാരിച്ചു. വിജയികളായ സ്കൂളുകൾക്കുള്ള ട്രോഫികൾക്കുപുറമെ നാല് കാറ്റഗറികളിലും കൂടുതൽ പോയിന്റ് നേടുന്നവർക്കുള്ള ട്രോഫികളും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവർക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.
നവംബർ 24 മുതൽ 27 വരെ വാഴക്കുളം കാർമ്മൽ സി.എം.ഐ പബ്ലിക് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുമെന്ന് സഹോദയ ഭാരവാഹികൾ അറിയിച്ചു. കലോത്സവ പരിപാടികൾക്ക് നാഷണൽ സെൻട്രൽ സ്കൂൾ മാനേജർ കെ.കെ.മത്തായി, ഡയറക്ടർ ലീലാമ്മ മത്തായി, അക്കാദമിക്ക് ഡയറക്ടർ ഡോ.സൂസൻ മാത്യു, ഗായത്രി സെൻട്രൽ സ്കൂൾ ചെയർമാൻ സി.ഷാജി, കലോത്സവ പ്രോഗ്രാം കോർഡിനേറ്റർ ആഷ്നാ രാജൻ എന്നിവർ നേതൃത്വം നൽകി.