# ലോട്ടറി നമ്പർ തിരുത്തി പണം തട്ടുന്നത് പെരുകുന്നു
ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് ഒന്നിലേറെ കച്ചവടക്കാരിൽ നിന്ന് സമ്മാനത്തുക കൈക്കലാക്കുകയും യഥാർത്ഥ നമ്പർ മായ്ച്ച് സമ്മാനാർഹമായ നമ്പർ എഴുതിച്ചേർത്ത് തുക കൈപ്പറ്റുകയും ചെയ്യുമ്പോൾ വെട്ടിലാകുന്നത് പാവം ലോട്ടറി വിൽപ്പനക്കാർ. കാഴ്ചപരിമിതിയുള്ളതും പ്രായമുള്ളതും ഭിന്നശേഷിക്കാരുമായ കച്ചവടക്കാരെയാണ് തട്ടിപ്പ് സംഘം പ്രധാനമായും ഇരയാക്കുന്നത്.
5,000 രൂപ വരെയുള്ള സമ്മാനത്തുക വില്പനക്കാർ തന്നെ നൽകാറുണ്ട്. ഇത് മുതലെടുത്താണ് തട്ടിപ്പ് കൊഴുക്കുന്നത്. കഴിഞ്ഞദിവസം ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി കൃത്രിമം കാണിച്ച രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. 1,000 മുതൽ 5,000 രൂപ വരെ സമ്മാനമടിച്ച നമ്പരുകൾ തിരുത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. അഞ്ഞൂറിലധികം ടിക്കറ്റുകൾ പിടികൂടിയത് വ്യാപകമായ തട്ടിപ്പ് നടത്തുന്നതിന്റെ സൂചനയാണ്.
# തട്ടിപ്പ് ഒഴിവാക്കാൻ 'തിളക്കം'
തട്ടിപ്പ് ഒഴിവാക്കാൻ തിളങ്ങുന്ന ടിക്കറ്റുകൾ ഉടനെത്തുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. ലോട്ടറി വകുപ്പിന്റെ സജീവ പരിഗണനയിലുള്ള 'തിളക്കമുള്ള ലോട്ടറി' എന്ന ആശയം അധികം വൈകാതെ യാഥാർത്ഥ്യമായേക്കും. തിളക്കമുള്ള മഷിയാകും (ഫ്ലൂറസെന്റ്) അച്ചടിക്ക് ഉപയോഗിക്കുക. ഏജൻസി സീൽ പതിക്കാൻ ടിക്കറ്റിനു പിന്നിൽ പ്രത്യേകം സ്ഥലമുണ്ടാകും. നിലവിൽ, ടിക്കറ്റിന് പിന്നിൽ പതിക്കുന്ന സീലിന്റെ മഷി പടർന്ന് ക്യു ആർ കോഡ് അവ്യക്തമാകുന്നത് പതിവാണ്. ക്യു ആർ കോഡിന്റെ സ്ഥാനം വലത്ത് നിന്ന് ഇടത്തേക്ക് മാറും. ടിക്കറ്റ് നമ്പർ, രഹസ്യ നമ്പർ തുടങ്ങിയവ ഉൾപ്പെടുന്ന വേരിയബിൾ ഡേറ്റ് പ്രിന്റ് ടിക്കറ്റിന്റെ പല ഭാഗങ്ങളിലുമുണ്ടാകും. തിളങ്ങുന്ന ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റെടുത്താൻ തിളക്കമുണ്ടാവില്ല. കറൻസി നോട്ടുകളിലേതിന് സമാനമായ സുരക്ഷാകോഡും ലേബലും ഉൾപ്പെടുത്തിയേക്കും.
പല ദിവസവും തട്ടിപ്പിലൂടെ പണം നഷ്ടമാവുന്നുണ്ട്. അന്നന്നത്തെ വക തേടി ലോട്ടറി കച്ചവടം നടത്തുന്ന പാവങ്ങളെ പോലും പറ്റിക്കാനിറങ്ങിയിരിക്കുകയാണ് തട്ടിപ്പുകാർ
വനിത ലോട്ടറി കച്ചവടക്കാർ, ആലപ്പുഴ