1
വേഴപ്ര ഗവ.എൽ.പി സ്കൂളിനു മുന്നിലെ കൈവരിയില്ലാത്ത പാലം

കുട്ടനാട്: കൈവരികൾ ഒഴിവാക്കി സിമന്റ് സ്ലാബുകൾ മാത്രമിട്ട് നിർമ്മിച്ച പാലം സ്കൂളിലേക്കെത്തുന്ന കുരുന്നുകളുടെ ജീവന് ഭീഷണിയാവുന്നു.

രാമങ്കരി പഞ്ചായത്ത് വേഴപ്ര ഗവ എൽ.പി സ്കൂളിന് മുന്നിലെ വായനശാല തോട്ടിലെ പാലമാണ് അപടക്കെണിയായി നിൽക്കുന്നത്. പാലം കയറുന്നതിനിടെ സ്ലാബുകൾക്കിടയിലെ വിടവിലെങ്ങാനും കാല് ഉടക്കിയാൽ കൈവരിയില്ലാത്ത പാലത്തിൽ നിന്നു കുട്ടികൾ താഴെ കടകൽ നിറഞ്ഞ തോട്ടിലേക്ക് പതിക്കാനും ജീവഹാനിക്കുനം സാദ്ധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.

രാമങ്കരി പഞ്ചായത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള സ്കൂളുകളിലൊന്നാണിത്. ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിലായി 100ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും ഈ പാലം കയറിയാണ് സ്ക്കൂളിൽ എത്തുന്നത്. ക്ലാസുള്ള ദിവസങ്ങളിലെ ഇടവേളകളിൽ അദ്ധ്യാപകരുടെ കണ്ണുവെട്ടിച്ച് ആരെങ്കിലും ഈ പാലത്തിൽ കയറുകയോ അപകടത്തിൽ പെടുകയോ ചെയ്താൽ കൂട്ടക്കുഴപ്പമാകും. വൈകിട്ട് സ്കൂൾ വിട്ട് കുട്ടികൾ പാലം കടക്കുംവരെ നോക്കി നിൽക്കുകയാണ് അദ്ധ്യാപകരും.

കുട്ടികൾക്ക് പുറമെ നാട്ടുകാർക്കും മറ്റു സ്ഥലങ്ങളിലെത്തിച്ചേരാനുള്ള പ്രധാനമാർഗ്ഗം കൂടിയാണ് ഈ പാലം. ഇവിടെ നല്ലൊരു പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ പഞ്ചായത്ത് അധികൃതർ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് നാട്ടുകാർക്ക് മുന്നിൽ കൈമലർത്തുകയാണ്.അപകടസ്ഥിതി കണക്കിലെടുത്ത് സ്ഥലത്ത് അടിയന്തിരമായി പുതിയ പാലം നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം