അമ്പലപ്പുഴ: മണ്ഡലത്തിലെ കുടിവെള്ളക്ഷാമം താത്കാലികമായി പരിഹരിക്കാൻ മൂന്ന് പുതിയ കുഴൽകിണറുകൾ പ്രവർത്തിപ്പിച്ചു തുടങ്ങി. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായ തകഴിയിലെ പൈപ്പ് പൊട്ടുന്നതു മൂലം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ച് കരുമാടിയിൽ നിന്നു പമ്പിംഗ് പുനരാരംഭിച്ചതോടെ നഗരത്തിലെ വിവിധയിടങ്ങളിലും പഞ്ചായത്തുകളിലും കുടിവെള്ളം ലഭ്യമായിത്തുടങ്ങി. ഇതിന് പുറമെ നഗര പ്രദേശങ്ങളിലും പഞ്ചായത്തുകളിലും കുടിവെള്ളം ലഭ്യമാക്കാൻ പുതുതായി സ്ഥാപിച്ച 7 കുഴൽകിണറുകളിൽ 3 എണ്ണമാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്തത്.
നഗരത്തിലേക്കും പുന്നപ്ര വടക്ക് പഞ്ചായത്തിലേക്കും വെള്ളമെത്തിക്കുന്ന തൂക്കുകുളം, അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വളഞ്ഞവഴി പടിഞ്ഞാറ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ മാപ്പിളശേരി കുഴൽ കിണറുകളാണ് നാടിന് സമർപ്പിച്ചത്. ഒപ്പം ആലിശേരിയിലെ കുഴൽകിണറിൽ നിന്നും കുടിവെള്ള വിതരണത്തിന് തുടക്കമായി. നീർക്കുന്നം തേവരുനടയിലെ കുഴൽകിണർ കേടായി വിതരണം പൂർണമായി നിലച്ച വണ്ടാനം, നീർക്കുന്നം ഭാഗങ്ങളിൽ കുടിവെള്ളമെത്തിക്കാൻ അടിയന്തിരമായി സ്ഥാപിച്ച അമ്പലപ്പുഴ വടക്ക് കൃഷിഭവനിലെ കുഴൽകിണറിൽ വൈദ്യുതി കണക്ഷൻ ഇന്നു ലഭിക്കും. ഇവിടെ റോഡ് മുറിക്കാൻ പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി ലഭിച്ചു. വെള്ളത്തിന്റെ പരിശോധന റിപ്പോർട്ട് കിട്ടിയാലുടൻ പമ്പിംഗ് ആരംഭിക്കും. നവംബർ രണ്ടോടെ ഇവിടെ നിന്ന് കുടിവെള്ളവിതരണം ആരംഭിക്കാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു.
പുന്നപ്ര തെക്ക് പഞ്ചായത്തിലെ സുനാമി കോളനി, വടക്കിലെ വലിയപറമ്പ് കോളനി എന്നിവിടങ്ങളിൽ സ്ഥാപിച്ച കുഴൽകിണറുകളിലെ വെള്ളത്തിന്റെ പരിശോധന ഫലം ലഭിച്ചാലുടൻ ഇവയും ഉദ്ഘാടനം ചെയ്യും. വിവിധയിടങ്ങളിലായി നടന്ന ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ സജിത സതീശൻ, എസ്. ഹാരിസ്, കെ. കവിത എന്നിവർ അദ്ധ്യക്ഷരായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗീത ബാബു, പി. അഞ്ജു, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വാട്ടർ അതോറിട്ടി എക്സിക്യുട്ടിവ് എൻജിനീയർ ഗിരീഷ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ നൂർജഹാൻ, അസിസ്റ്റന്റ് എൻജിനീയർ ജോഷില, ഗ്രൗണ്ട് വാട്ടർ അസിസ്റ്റന്റ് എൻജിനീയർ സനൽകുമാർ, ഓവർ സിയർ ബിജുമോൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ജി.ഷിബു, ഡി. ദിലീഷ് എന്നിവർ പങ്കെടുത്തു.