sujith
സുജിത്ത് കഞ്ഞിക്കുഴിയിലെ കൃഷിതോട്ടത്തിൽ

ആലപ്പുഴ : കുട്ടികളടക്കം കൂടുതൽപ്പേരെ കൃഷിയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് കൃഷിയിടത്തിൽ അദ്ധ്യാപകനാകുകയാണ് കഞ്ഞിക്കുഴിയിലെ യുവ കർഷകൻ സുജിത്ത് സ്വാമിനികർത്തിൽ. കാർഷിക അറിവുകൾ പങ്കുവയ്ക്കാനുള്ള സ്വന്തം യൂ ടൂബ് ചാനലായ വെറൈറ്റി ഫാർമറിന് പുറമേയാണ് തന്റെ കൃഷിയിടങ്ങളിൽ പഠിതാക്കളെ നേരിട്ടെത്തിച്ച് 'ഒപ്പം' എന്ന പേരിൽ ഏകദിന ലൈവ് ക്ലാസുകളും സംഘടിപ്പിക്കുന്നത്. എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കഞ്ഞിക്കുഴി , ചേർത്തല ഭാഗങ്ങളിൽ സുജിത്ത് മേൽനോട്ടം വഹിക്കുന്ന 11 കൃഷിത്തോട്ടങ്ങളിലാവും ക്ലാസ്. കഴിഞ്ഞ ഞായറാഴ്ച നടന്ന ആദ്യ ക്ലാസിൽ പങ്കെടുക്കാൻ കോഴിക്കോട്, കൊല്ലം, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്നാണ് കൃഷിപ്രേമികൾ എത്തിയത്. സൂര്യകാന്തി പ്രദർശനത്തോട്ടം, ഫ്ലോട്ടിംഗ് കൃഷി തുടങ്ങി വ്യത്യസ്ത ആശയങ്ങൾ പ്രാവർത്തികമാക്കിയ കർഷകനാണ് സുജിത്ത്.

അനുഭവമാണ് പാഠം

പരമ്പരാഗത കൃഷിരീതികൾ, ഹൈടെക് കൃഷി, വിത്ത് മുളപ്പിക്കൽ, സമ്മിശ്ര കൃഷി, ഇടവിള കൃഷി, ഫ്ലോട്ടിംഗ് കൃഷി എന്നിങ്ങനെ നീളും പാഠ്യ വിഷയങ്ങൾ. കാർഷിക മേഖലയെ മൂന്നായി തിരിച്ചാണ് ക്ലാസുകൾ. അടുക്കളത്തോട്ടം, പാർട് ടൈം കൃഷി, വ്യാവസായികാടിസ്ഥാനത്തിൽ കൃഷി നടത്താൻ ആഗ്രഹിക്കുന്നവർക്ക് സഹായം എന്നിങ്ങനെ തരം തിരിച്ചും അറിവുകൾ പകർന്നുനൽകും. കഴിഞ്ഞ 15 വർഷങ്ങളിൽ വിവിധ കൃഷിരീതികൾ പരീക്ഷിച്ച് പരാജയവും വിജയവും ഏറ്റുവാങ്ങിയ സ്വന്തം അനുഭവങ്ങൾ കൂട്ടിയിണക്കിയാവും ക്ലാസുകൾ.

ലക്ഷ്യം

കാർഷിക വിളകളുടെ ഉത്പാദനം മാത്രമല്ല ലക്ഷ്യം. ഉത്പന്നങ്ങൾ എങ്ങനെ മാർക്കറ്റിംഗ് നടത്തണമെന്ന പരിശീലനവും നൽകും. താത്പര്യമുണ്ടെങ്കിൽ കൃഷിത്തോട്ടങ്ങളിൽ തൊഴിലാളികൾക്കൊപ്പം പ്രാക്ടിക്കൽ ക്ലാസിനും അവസരമുണ്ടാകും.

ഫീസും അഡ്മിഷനും

 മുതിർന്നവർക്ക് : 1000 രൂപ

 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യം

 ഒരു ദിവസത്തെ ക്ലാസിൽ പരമാവധി 10 പേർ

കുട്ടികളെ ഇപ്പോഴേ കൃഷിരീതികൾ പരിശീലിപ്പിച്ചാൽ നല്ല ഭക്ഷണമെന്ന ശീലത്തിലേക്ക് നമുക്ക് മടങ്ങിപ്പോകാൻ സാധിക്കും. 11 കൃഷിയിടങ്ങളിലെ വ്യത്യസ്ത വിളകളും കൃഷി രീതികളും നേരിട്ട് മനസിലാക്കാൻ ക്ലാസ് സഹായിക്കും. പലരും നേരിൽ വിളിച്ച് സംശയങ്ങൾ ചോദിക്കുന്നത് കൊണ്ടാണ് ക്ലാസ് ആരംഭിക്കാമെന്ന തീരുമാനത്തിലെത്തിയത്

- സുജിത്, കർഷകൻ