s
പറവൂർ പബ്ളിക് ലൈബ്രറിയുടെ പുതിയ മന്ദിര

അമ്പലപ്പുഴ : 75 വയസിന്റെ നിറവിലെത്തിയ പറവൂർ പബ്ളിക് ലൈബ്രറിയുടെ പുതിയ മന്ദിരത്തിന്റെയും നവംബർ 7 വരെ നടക്കുന്ന സാംസ്കാരികോത്സവത്തിന്റെയും ഉദ്ഘാടനം ഇന്ന് നടക്കും. സംസ്ഥാനത്തെ തന്നെ പ്രധാന ഗ്രാമീണ ഗ്രന്ഥശാലകളിലൊന്നായ പറവൂർ പബ്ളിക് ലൈബ്രറി നാടിന്റെ അക്ഷരവെളിച്ചമാണ്. ദേശീയ പാത വികസനത്തിന്റെ ഭാഗമായാണ് പഴയ കെട്ടിടം പൊളിച്ചു നീക്കി സമീപത്ത് പുതിയ മൂന്ന് നില കെട്ടിടം നിർമിച്ചത്.

ഇന്ന് വൈകിട്ട് 5.30ന് സാംസ്കാരികോത്സവത്തിന്റെയും പുസ്തക വിതരണത്തിന്റെയും ഉദ്ഘാടനം മുൻമന്ത്രി ജി.സുധാകരൻ നിർവഹിക്കും.ലൈബ്രറി പ്രസിഡന്റ് വി.കെ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിക്കും. ലൈബ്രേറിയൻ കെ.ഉണ്ണിക്കൃഷ്ണൻ ആദ്യ പുസ്തകം ഏറ്റുവാങ്ങും. പെരുമ്പടവം ശ്രീധരൻ വിശിഷ്ടാതിഥിയാകും .വൈകിട്ട് 7ന് ആലപ്പി രമണന്റെ ഒറ്റയാൾ കഥാപ്രസംഗം അരങ്ങേറും. നാളെ വൈകിട്ട് 5ന് അക്ഷരാദരവ് അഡ്വ.എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും.വിവിധ മേഖലകളിൽ അംഗീകാരം നേടിയവരെയും ലൈബ്രറിക്കു വേണ്ടി വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായവരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ആദരിക്കും.

മൂന്നിന് വൈകിട്ട് 5ന് ചരിത്ര സദസ് സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശാസ്ത്ര സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ വിഷയാവതരണം നടത്തും.വി.ഉപേന്ദ്രൻ മോഡറേറ്ററാകും. നാലിന് വൈകിട്ട് 5ന് സാഹിത്യസദസ് കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യാം. ഗാനരചയിതാവ് ജെ.ഷിജിമോൻ അദ്ധ്യക്ഷത വഹിക്കും. 5ന് രാവിലെ 10 മുതൽ പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ നടക്കും. വൈകിട്ട് 5ന് കഥാ കാവ്യ സായാഹ്നം എസ്.ഡി.കോളേജ് മലയാള വിഭാഗം മേധാവി ഡോ.എസ്.അജയകുമാർ ഉദ്ഘാടനം ചെയ്യും. സില്ല എസ് മോഡറേറ്ററാകും.പുന്നപ്ര ജ്യോതികുമാർ അവലോകനം നടത്തും. 6ന് വൈകിട്ട് 5ന് അക്ഷരാനുമോദനവും സ്കോളർഷിപ്പ് വിതരണവും ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും. 7 ന് വൈകിട്ട് 5ന് സമാപന സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. വി.കെ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിക്കും.എം.എം.നാരായണൻ മുഖ്യ പ്രഭാഷണം നടത്തും.മത്സര വിജയികൾക്ക് പുന്നപ്ര ജ്യോതികുമാർ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് വി.കെ.വിശ്വനാഥൻ, ജോയിന്റ് സെക്രട്ടറി കെ.വി.രാഗേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.