 
ആലപ്പുഴ : ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇടുങ്ങിയ മുറിയിൽ നിന്ന് മോചനമാകുന്നു. പുന്നപ്ര കുറവൻതോട് ജംഗ്ഷന് പടിഞ്ഞാറ് നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിലേക്ക് അടുത്തയാഴ്ച മുതൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം മാറും.
ഇതോടെ പ്രതിദിന സാമ്പിൾ പരിശോധന 1200ൽ നിന്ന് 3000ലേക്ക് എത്തിക്കാനാകും. ബയോ സേഫ്ടി ലെവൽ മൂന്ന് (ബി.എസ്.എൽ 3) നിലവാരം ലഭിക്കത്തക്ക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എങ്കിലും, ബി.എസ്.എൽ 3 നിലവാരത്തിലേക്ക് പൂർണനിലയിലെത്താൻ ആറുമാസം കൂടി വേണ്ടിവരും.നിലവിൽ ബി.എസ്.എൽ രണ്ട് പദവിയാണ് ലാബിനുള്ളത്. നിപ ഒഴികെയുള്ള ഒട്ടുമിക്ക വൈറസുകളെയും കണ്ടെത്താനുള്ള പരിശോധനാസംവിധാനം ഇവിടെയുണ്ട്. പദവി ഉയർന്നാൽ പരിശോധനാഫലം വേഗത്തിൽ കിട്ടുന്നതിനോടൊപ്പം വൈറസ് രോഗങ്ങളെക്കുറിച്ച് നിരന്തര ഗവേഷണം നടത്താനും കഴിയും.
തുടക്കം 1994ൽ
1994ൽ ജപ്പാൻ ജ്വരം വ്യാപിച്ചതിനെ തുടർന്ന് അന്നത്തെ ആരോഗ്യമന്ത്രി വി.എം.സുധീരൻ മുൻകൈയെടുടുത്താണ് ആലപ്പുഴയിൽ സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. പിന്നീട്, വി.എസ് സർക്കാരിൽ മന്ത്രിയായിരുന്ന ജി.സുധാകരന്റെ ഇടപെടലിലാണ് ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്ന ആശയം മന്നോട്ടുവന്നത്. പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിലുള്ള പരിശോധനാകേന്ദ്രമാണ് ആലപ്പുഴയിലും ലക്ഷ്യമിട്ടത്. കെട്ടിട നിർമ്മാണത്തിനും അടിസ്ഥാന സൗകര്യം ഒരുക്കാനും 34.25 കോടി രൂപ കേന്ദ്ര ഗ്രാന്റും അനുവദിച്ചു കിട്ടി. എ.എം.ആരിഫ് എം.പിയുടെ സഹായത്താൽ 10 കോടി കൂടി ലഭ്യമായതോടെയാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
പുതിയ കെട്ടിടം
 മൂന്നു നില കെട്ടിടം
 താഴത്തെ നിലയിൽ പാർക്കിംഗ്
 ഒന്നാേ നിലയിൽ ലാബ് സംവിധാനം
 രണ്ടാംനിലയിൽ ഡോക്ടർമാർക്ക് താമസ സൗകര്യം
ആറുമാസത്തിനുള്ളിൽ ബയോ സേഫ്ടി ലെവൽ മൂന്ന് (ബി.എസ്.എൽ 3) നിലവാരത്തോടെ ലാബ് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. താത്കാലികമായി ലാബ് പ്രവർത്തനം ആരംഭിക്കുന്നതോടൊപ്പം ബി.എസ്.എൽ 3 നിലവാരത്തിലെത്തുന്നതിനുള്ള സമാന്തര പ്രവർത്തനവും നടത്തും
- ഡോ. ബി.അനുകുമാർ, , ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇൻചാർജ്, കേരള ഘടകം