
ന്യൂഡൽഹി: ദസറയോടനുബന്ധിച്ച് നാല് നഗരങ്ങളിൽ ഇന്നലെ 5 ജി സേവനങ്ങളുടെ ബീറ്റ ട്രയലാരംഭിച്ചു. ഡൽഹി, മുംബയ്, കൊൽക്കത്ത, വാരണാസി എന്നിവിടങ്ങളിലെ ഉപഭോക്താക്കളിൽ ജിയോയുടെ പ്രത്യേക ക്ഷണം ലഭിക്കുന്ന തിരഞ്ഞെടുക്കപ്പെട്ടവർക്കേ 5 ജി ലഭിക്കൂ. ജിയോ വെൽക്കം ഓഫർ എന്ന പേരിലാണ് ക്ഷണം ലഭിക്കുന്നത്.
5 ജി സേവനങ്ങളിലേക്ക് എക്സ്ക്ലൂസീവ് ആക്സസ് ലഭിക്കുന്നവർക്ക് എസ്.എം.എസിലൂടെയോ മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയോ അറിയിപ്പ് ലഭിക്കും. തുടർന്ന് ഇവർ ജിയോ നെറ്റ് വർക്കിലേക്ക് സ്വയം അപ്ഗ്രേഡ് ചെയ്യപ്പെടും. ഉപഭോക്താക്കൾക്ക് അവരുടെ നിലവിലുള്ള ജിയോ സിമ്മോ 5 ജി ഹാൻഡ്സെറ്റോ മാറ്റാതെ സേവനം ജിയോ ട്രൂ 5 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെടും. എന്നാൽ ഹാൻഡ്സെറ്റ് 5 ജി സ്മാർട്ട് ഫോൺ ആയിരിക്കണം. സെക്കന്റിൽ 1 ജിഗാബൈറ്റ് വരെ വേഗതയിൽ പരിധിയില്ലാത്ത 5 ജി ഡാറ്റ ലഭിക്കും. മറ്റ് നഗരങ്ങളിലേക്കും ഉടൻ സർവ്വീസ് ആരംഭിക്കും.
അതേസമയം 5 ജി പ്ലാനുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പ്ലാനുകൾ താങ്ങാനാവുന്നതായിരിക്കുമെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. ജിയോ ട്രൂ 5 ജി ലോകത്തിലെ നൂതനമായ നെറ്റ് വർക്കായിരിക്കുമെന്ന് റിലയൻസ് ജിയോ ചെയർപേഴ്സൺ ആകാശ് അംബാനി പറഞ്ഞു.