ന്യൂഡൽഹി: ഇന്ത്യ നിർമ്മിച്ച അത്യാധുനിക മധ്യദൂര ബാലിസ്റ്റിക് മിസൈൽ 'അഗ്നി പ്രൈം' ഒഡീഷാ തീരത്തെ എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9:45 ഓടെ മൊബൈൽ ലോഞ്ചറിൽ നിന്നു വിക്ഷേപിച്ച മിസൈലിന്റെ പ്രവർത്തനം കൃത്യമായിരുന്നുവെന്ന് ഡി.ആർ.ഡി.ഒ അറിയിച്ചു.
വിവിധ സ്ഥലങ്ങളിൽ റഡാറുകളും ടെലിമെട്രി ഉപകരണങ്ങളും സ്ഥാപിച്ച് മിസൈലിന്റെ സഞ്ചാര പാത നിരീക്ഷിച്ചിരുന്നു. രണ്ട് ഘട്ടങ്ങളായി ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിസൈൽ ആണവായുധ പോർമുന വഹിക്കാൻ ശേഷിയുള്ളതാണ്. 1000-2000 കിലോമീറ്റർ ദൂരം സഞ്ചരിക്കും. മിസൈലിന്റെ മൂന്നാം പരീക്ഷണമാണ് ഇന്നലെ നടന്നത്.