airforce

ന്യൂഡൽഹി: നവതി (90-ാം വാർഷികം) ആഘോഷങ്ങളുടെ ഭാഗമായി ചണ്ഡിഗഡിലെ സുഖ്‌ന തടാകത്തിന് മുകളിൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും നടത്തിയ അഭ്യാസ പ്രകടനം കാണികൾക്ക് അപൂർവ ദൃശ്യവിരുന്നായി. സുപ്രീംസേനാ കമാൻഡർ കൂടിയായ രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവർ സാക്ഷ്യം വഹിച്ചു. വ്യോമസേന വാർഷികാഘോഷം ആദ്യമായാണ് ഹിൻഡൻ വ്യോമതാവളത്തിലെ സ്ഥിരം വേദിയായ ഡൽഹിക്ക് പുറത്ത് നടത്തുന്നത്. വ്യോമാഭ്യാസം ഒരു മണിക്കൂർ നീണ്ടു. 1932ൽ ബ്രിട്ടീഷ് റോയൽ എയർഫോഴ്സിനെ സഹായിക്കാനായി ഇന്ത്യയിൽ രൂപീകരിച്ച വിഭാഗമാണ് ഇന്ത്യൻ വ്യോമസേനയായി പരിണമിച്ചത്. 1933-ൽ ആദ്യ പ്രവർത്തന സ്‌ക്വാഡ്രൺ രൂപീകരിച്ചു.

അഭ്യാസങ്ങളിൽ പങ്കെടുത്തവ

 ലൈറ്റ് കോംപാക്‌ട് ഹെലികോപ്ടർ പ്രചണ്ഡ്

 ലൈറ്റ് കോംപാക്‌ട് വിമാനം തേജസ്,

 സുഖോയ്, മിഗ്-29 യുദ്ധ വിമാനങ്ങൾ

 ജാഗ്വാർ, റാഫേൽ യുദ്ധ വിമാനങ്ങൾ

 ഐ.എൽ-76, സി-130ജെ, ഹ്വാക്ക് എന്നിവയടക്കം 80 വിമാനങ്ങൾ

 അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ ധ്രുവ്, ചിനൂക്ക്, അപ്പാച്ചെ, എം.ഐ -17 തുടങ്ങിയവ

നടന്ന അഭ്യാസ പ്രകടനങ്ങൾ

 ധ്രുവ് ഹെലികോപ്‌ടറുകളുടെ രുദ്ര ഫോർമേഷൻ

 സൈനികരെയും ആയുധങ്ങളെയും വഹിക്കാൻ ശേഷിയുള്ള ചിനൂക്ക് ഹെലികോപ്ടറുകളുടെ ഭീം ഫോർമേഷൻ

 റാഫേൽ, ജാഗ്വാർ, തേജസ്, മിറാഷ് 2000 എന്നിവയുടെ 'സെഖോൺ" ഫോർമേഷൻ

 മൂന്ന് എം.ഐ -17 വി 5 ഹെലികോപ്ടറുകളുടെ 'എൻസൈൻ" ഫോർമേഷൻ

 സി-17 വിമാനവും ഒമ്പത് ഹോക്ക് 132 ജെറ്റുകളും ഉൾപ്പെട്ട ഗ്ലോബ് ഫോർമേഷൻ

 ഹെലികോപ്ടറുകളുടെ ഏകലവ്യ ഫോർമേഷൻ

 സി-130 ജെ, സുഖോയ് i-30 എന്നിവയുടെ വജ്രംഗ് ഫോർമേഷൻ

 ട്രാൻസ്‌‌പോർട്ട് വിമാനം അഴിച്ചെടുത്ത് നിമിഷങ്ങൾക്കുള്ളിൽ സംയോജിപ്പിക്കൽ

 എയർവാരിയർ ഡ്രിൽ ടീമിന്റെ പ്രകടനം

 എ.എൻ-32 വിമാനത്തിൽ 'ആകാശ് ഗംഗ"പാരാട്രൂപ്പ് ടീമിന്റെ ഫ്ലൈ-പാസ്റ്റ്

 എം.ഐ 17വി 5 ചോപ്പറുകളുടെ തീയണയ്ക്കൽ