modhera

ന്യൂഡൽഹി:ഗുജറാത്തിലെ മൊഹ്സാന ജില്ലയിലെ മൊധേരയെ ദിവസം മുഴുവൻ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ ഗ്രാമമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി ഇന്നലെയാണ് ഈ പ്രഖ്യാപനം നടത്തിയത്.

മൊധേരയിലെ ജനങ്ങൾ സൗരോർജ്ജം ഉപയോഗിച്ചു തുടങ്ങിയതിന് ശേഷം വൈദ്യുതി ബില്ലിൽ 60% മുതൽ 100% വരെ മിച്ചം വെക്കുകയാണെന്നും മൊധേര ഇനി സൂര്യഗ്രാമം എന്നറിയപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വൈദ്യുതിക്ക് ഇപ്പോൾ അധികം പണം ചെലവഴിക്കേണ്ടി വരുന്നില്ല. അതേ സമയം വൈദ്യുതി വിൽക്കാനും അതിൽ നിന്ന് സമ്പാദിക്കാനും ജനങ്ങൾക്ക് കഴിയുന്നുണ്ട്. കുറച്ചു മുമ്പ് വരെ സർക്കാർ പൗരന്മാർക്ക് വൈദ്യുതി വിതരണം ചെയ്തിരുന്നെങ്കിൽ ഇപ്പോൾ പൗരന്മാർക്ക് സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

സൂര്യ ഗ്രാമം

എന്ന മൊധേര

മൊധേര സൂര്യ ക്ഷേത്രത്തിൽ നിന്നും ആറ് കിലോമീറ്റർ അകലെ മെഹ്സാന സുജ്ജൻപുരയിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവുമായി സംയോജിപ്പിച്ച സോളാർ പവർ പദ്ധതി വഴിയാണ് സൗരോർജ്ജ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് തുടക്കം കുറിച്ചത്. ഗുജറാത്ത് സർക്കാർ നൽകിയ 12 ഹെക്ടർ സ്ഥലത്താണ് പദ്ധതി. 80.66 കോടി രൂപ 50:50 എന്ന അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രണ്ട് ഘട്ടങ്ങളിലായി ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.