
ന്യൂഡൽഹി: യു.പിയിലെ മെയിൻപുരി ജില്ലയിലെ കുരവലി പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് മാസം മുമ്പ് മാനഭംഗത്തിന് ഇരയായതിനെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ ചുട്ടുകൊന്നു. ഇരയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് മൂന്ന് പേർക്കെതിരെ പോക്സോ വകുപ്പുകളടക്കം ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മൂന്ന് മാസം മുമ്പാണ് ഇതേ ഗ്രാമത്തിലുള്ള അഭിഷേക് പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയത്. പെൺകുട്ടി പീഡന വിവരം വീട്ടുകാരിൽ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ഈ മാസം 6 ന് നടന്ന പഞ്ചായത്ത് യോഗത്തിൽ എടുത്ത തീരുമാനമനുസരിച്ച് പെൺകുട്ടിയും പ്രതിയും വിവാഹിതരാകാൻ തീരുമാനിച്ചു. എന്നാൽ വീട്ടിലെത്തി പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ മെയിൻപുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പെൺകുട്ടി മരിച്ചു.