mulayam-

ന്യൂഡൽഹി: ഗുസ്‌തിയായിരുന്നു മുലായം സിംഗ് യാദവിന്റെ ജീവവായു. പക്ഷേ ഗുസ്തി പഠിക്കാൻ ഇറങ്ങിയ ഗോദ മുലായത്തെ കൈപിടിച്ചത് രാഷ്ട്രീയമെന്ന അവസരങ്ങളുടെ കലയിലേക്കാണ്. ഗുസ്‌തിക്കാരന്റെ മെയ്‌വഴക്കത്തോടെയാണ് ആറു ദശാബ്‌ദത്തെ രാഷ്ട്രീയ ജീവിതം മുലായം കൈപ്പിടിയിലാക്കിയത്. അവസരങ്ങളുടെ കലയ്‌ക്കൊപ്പം തന്ത്രങ്ങൾ മെനഞ്ഞപ്പോൾ സെഫായിയുടെ സ്വന്തം 'നേതാജി" ഉയർച്ചയുടെ പടവുകൾ കീഴടക്കി. എം.എൽ.എയിൽ നിന്ന് മുഖ്യമന്ത്രിയായും തുടർന്ന് കേന്ദ്രമന്ത്രി പട്ടവുമെല്ലാം ആവളർച്ചയുടെ ആഴം കൂട്ടി.

യാദവ - പിന്നാക്ക - ന്യൂനപക്ഷ - പ്രാദേശിക രാഷ്‌ട്രീയത്തിന്റെ കരുത്തിലായിരുന്നു ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ മുലായത്തിന്റെ പടയോട്ടം. പിന്നാക്ക വിഭാഗം വോട്ട് ബാങ്കാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന മുലായത്തിന്റെ തന്ത്രച്ചൂണ്ടയിൽ കൊത്താത്ത പാർട്ടികൾ വിരളം. 1996ൽ കപ്പിനും ചുണ്ടിനുമിടയിൽ പ്രധാനമന്ത്രി കസേര നഷ്ടമായതും ചരിത്രം.

1967ൽ 28-ാം വയസിൽ എം.എൽ.എയായി ഉത്തർപ്രദേശ് നിയമസഭയിലെത്തുമ്പോൾ പ്രായം കുറഞ്ഞ സാമാജികനെന്ന റെക്കാഡും മുലായം സ്വന്തമാക്കി. തുടർന്ന് മൂന്നുതവണ യു.പി മുഖ്യമന്ത്രി, കേന്ദ്ര പ്രതിരോധ മന്ത്രി, എം.പി, എം.എൽ.എ അങ്ങനെ രാഷ്ട്രീയ പട്ടങ്ങൾ ഒന്നൊന്നായി മുലായത്തെ തേടിയെത്തി.

യു.പിയിലും ഡൽഹിയിലും നിർണായക രാഷ്‌ട്രീയ ഇടപെടലുകൾ നടത്തിയ 'നേതാജി" ഏറെ നാളായി സജീവ രാഷ്‌ട്രീയത്തിൽ നിന്നകലെയായിരുന്നു. മകൻ അഖിലേഷ് യാദവിനായി സ്വയം മാറി നിന്നതും, 2014ന് ശേഷമുള്ള ബി.ജെ.പി അപ്രമാദിത്യവുമെല്ലാം അതിന് വഴിതെളിച്ചു. തുടർന്ന് ആരോഗ്യവും ക്ഷയിച്ചു. അപ്പോഴും തന്നിലൂടെ പിറന്ന ബദൽ രാഷ്ട്രീയത്തിന് ചെറുപ്പമാണെന്ന് അടയാളപ്പെടുത്തിയാണ് മുലായം ഓർമ്മയാകുന്നത്.

 രാഷ്ട്രീയ ചക്രം കൈ വെള്ളയിൽ

യു.പി, ഇറ്റാവയിലെ സെഫായി ഗ്രാമത്തിൽ കാലികളെ വളർത്തി ജീവിച്ചിരുന്ന നിർദ്ധന കുടുംബത്തിൽ ജനിച്ച മുലായം മികച്ചൊരു ഗുസ്‌തിക്കാരനായിരുന്നു. സ്‌കൂളിൽ ദളിതരെ അപമാനിച്ച സവർണ വിദ്യാർത്ഥികളെ ഗുസ്തിയിലൂടെ മലർത്തിയടിച്ചതോടെ ദാബാ ഭായി എന്നറിയപ്പെട്ടു. 1962ൽ ഗുസ്തിയിലെ പ്രകടനം ഇഷ്‌ടപ്പെട്ട പ്രജാ സോഷ്യലിസ്റ്റ് നേതാവ് നാഥു സിംഗാണ് മുലായത്തെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചത്. സോഷ്യലിസ്റ്റ് നേതാവായ റാം മനോഹർ ലോഹ്യയെ പരിചയപ്പെടുത്തിയതും നാഥുസിംഗായിരുന്നു. തുടർന്ന് 1967ൽ ലോഹ്യയുടെ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ 1.03 ലക്ഷം വോട്ടിന് ജയിച്ച് ജസ്വന്ത്നഗർ നിന്ന് 28-ാം വയസിൽ യു.പി നിയമസഭാംഗമായി. സവർണ മേധാവിത്വം മറികടന്ന് പിന്നാക്കക്കാരുടെ വക്താവായി രാഷ്‌ട്രീയ ഗോദയിൽ എതിരാളികളെ മലർത്തിയടിച്ച മുലായം ഏഴ് തവണയാണ് ജസ്വന്ത് നഗറിൽ നിന്ന് ജയിച്ചത്. അതിനിടെ അടിയന്തരാവസ്ഥയെ വിമർശിച്ചതിന് ഒന്നര വർഷം തടവിലുമായി. പുറത്തിറങ്ങിയ ശേഷം ചരൺസിംഗിന്റെ ലോക്‌ദളിൽ ചേർന്നു. ലോക്ദൾ പിളർന്നപ്പോൾ ക്രാന്തികാരി മോർച്ച പാർട്ടി രൂപീകരിച്ചു. പിന്നീട് ജനതാദളിന്റെ ഭാഗമായി. കേന്ദ്രത്തിൽ വി.പി. സിംഗ് സർക്കാർ വീണപ്പോൾ ചന്ദ്രശേഖറിന്റെ ജനതാദൾ (സോഷ്യലിസ്റ്റ്) പാർട്ടിയിലുമെത്തി. 1992ലാണ് സമാജ്‌വാദി പാർട്ടി രൂപീകരിച്ചത്.

 സിനിമ പോലെ ജീവിതം

ആദ്യ ഭാര്യയും അഖിലേഷ് യാദവിന്റെ അമ്മയുമായ മാൽതി ദേവി (2003ൽ മരിച്ചു) ജീവിച്ചിരിക്കെ അടുപ്പമുണ്ടായിരുന്ന സാധന ഗുപ്തയെ പിന്നീട് വിവാഹം കഴിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലൂടെയാണ് മുലായം ബന്ധം അംഗീകരിച്ചത്. രണ്ടാം ഭാര്യയും സഹോദരങ്ങളും ബന്ധുക്കളും യു.പിയിൽ ഭരണം നിയന്ത്രിച്ചതും വിവാദമായി.

 കളം പിടിക്കാൻ സന്ധി രാഷ്ട്രീയം

1993ൽ യു.പിയിൽ ബി.ജെ.പിയെ ഭരണത്തിൽ നിന്ന് അകറ്റാൻ മായാവതിയുമായി സന്ധി ചെയ്‌തത് രാഷ്‌ട്രീയ ജീവിതത്തിലെ വലിയ പിഴവായി മുലായം കരുതി. യു.പി വിഭജിച്ച് ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിക്കണമെന്ന് വാദിച്ചതും എതിർപ്പിന് കാരണായി. 1996ൽ യുണൈറ്റഡ് ഫ്രണ്ട് സർക്കാരിൽ പ്രധാനമന്ത്രി പദം ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ എതിർപ്പിൽ നഷ്‌ടമായി.
അയോദ്ധ്യാ പ്രക്ഷോഭം ബി.ജെ.പിയെ വളർത്തിയെങ്കിൽ 1992ൽ സ്ഥാപിച്ച സമാജ്‌വാദി പാർട്ടി മുസ്ളിം, യാദവ, ഒ.ബി.സി, വിഭാഗങ്ങളെ ഒന്നിപ്പിച്ചു. എന്നാൽ മകൻ അഖിലേഷ് യാദവും സഹോദരൻ ശിവ്പാൽ യാദവും തമ്മിലുള്ള തർക്കം മുലായത്തിന്റെ സമാധാനം കെടുത്തി. ഇന്ദിരാഗാന്ധിയുടെ കുടുംബാധിപത്യത്തെ എതിർത്തയാൾ ഒടുവിൽ മകനു വേണ്ടി വഴിമാറി. 2017 ജനുവരിയിൽ അഖിലേഷ് പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ മുലായം ഒതുക്കപ്പെട്ടു.