
ന്യൂഡൽഹി: സോഷ്യലിസ്റ്റ് ആശയങ്ങളുടെ വക്താവായി വളർന്ന് മൂന്നുവട്ടം ഉത്തർപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ മുലായം സിംഗ് യാദവ് (82) അന്തരിച്ചു.
സമാജ്‌വാദി പാർട്ടി സ്ഥാപകനാണ്. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ 8.15 ഓടെയായിരുന്നു അന്ത്യം. ആഗസ്റ്റ് 22ന് ആശുപത്രിയിലായ മുലായം ഒരാഴ്ചയായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
മെയിൻപുരി മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് നിലവിൽ.
മകനും യു.പി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, മരുമകൾ ഡിംപിൾ യാദവ്, സഹോദരൻ ശിവപാൽ സിംഗ് യാദവ് തുടങ്ങിവർ സമീപത്തുണ്ടായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് യു.പി ഇറ്റാവാ ജില്ലയിലെ ജന്മനാടായ സെഫായി ഗ്രാമത്തിൽ നടക്കും. ആദ്യ ഭാര്യയും അഖിലേഷിന്റെ അമ്മയുമായ മാൽതി ദേവി 2003ലും രണ്ടാം ഭാര്യ സാധന ഗുപ്‌ത ഇക്കഴിഞ്ഞ ജൂലായിലും മരിച്ചിരുന്നു.
കീഴ്ജാതിയിൽ നിന്ന് ഉയർന്നുവരുകയും 1992ൽ രൂപീകരിച്ച സമാജ്‌വാദി പാർട്ടിയിലൂടെ രാജ്യത്ത് പ്രാദേശിക രാഷ്‌ട്രീയത്തിന്റെ പുതിയ അദ്ധ്യായം രചിക്കുകയും ചെയ്തു. ദേശീയ രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി യാദവനേതാക്കളായ മുലായവും ബീഹാറിലെ ലാലുപ്രസാദും മാറുന്നതും ഇന്ത്യ കണ്ടു.
1967ൽ 28-ാം വയസിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ബാനറിൽ യു.പിയിലെ ജസ്വന്ത് നഗർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. 1977ൽ മന്ത്രിയായി. ഭാരതീയ ക്രാന്തി ദൾ, ലോക്‌ദൾ, ക്രാന്തികാരി മോർച്ച, ജനതാ പാർട്ടി, ജനതാദൾ, ജനതാദൾ(സോഷ്യലിസ്റ്റ്) പാർട്ടികളിൽ പ്രവർത്തിച്ചു. മൂന്നു തവണ ഉത്തർപ്രദേശ് ഭരിച്ച മുലായം ദേവ ഗൗഡ മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയുമായി. പത്ത് തവണ നിയമസഭാംഗവും ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവുമായി.
അസംഗഡ്, സംഭാൽ മണ്ഡലങ്ങളിൽ നിന്നടക്കം ഏഴു തവണ ലോക്‌സഭയിലെത്തി. മകൻ അഖിലേഷ് യാദവിന് പാർട്ടി അദ്ധ്യക്ഷ സ്ഥാനം കൈമാറുകയും രോഗങ്ങൾ അലട്ടുകയും ചെയ്‌തതോടെ കുറച്ചു കാലമായി രാഷ്‌ട്രീയത്തിൽ സജീവമല്ലായിരുന്നു.
സുഘർ സിംഗ് യാദവിന്റെയും മൂർത്തി ദേവിയുടെയും മകനായി 1939 നവംബർ 22നാണ് ജനനം. ഗുസ്തിക്കാരനാക്കാനായിരുന്നു പിതാവിന് മോഹം. കോളേജിൽ പഠിക്കവേ യൂണിയൻ ഭാരഹവാഹിയായ മുലായം, റാം മനോഹർ ലോഹ്യയുടെയും രാജ് നാരായണിന്റെയും ശിഷ്യനായി രാഷ്ട്രീയത്തിലിറങ്ങുകയായിരുന്നു. ബിരുദാനന്തര ബിരദം നേടി കുറച്ചു നാൾ കോളേജ് അദ്ധ്യാപകനുമായി. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് 19 മാസം തടവിൽക്കിടന്നു.
കേന്ദ്ര മന്ത്രി അമിത് ഷാ, ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ അടക്കം നേതാക്കൾ മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തി. കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഇടയ്‌ക്കുവച്ച് നിറുത്തി രാഹുൽ ഗാന്ധി ആദരാഞ്ജലി അർപ്പിച്ചു. യു.പിയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്‌കാര ചടങ്ങുകളിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ പങ്കെടുക്കും.
മണ്ണിന്റെ മകനായിരുന്ന മുലായത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടം
- രാഷ്‌ട്രപതി ദ്രൗപദി മുർമു
ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിച്ച, എളിമയുള്ള നേതാവായിരുന്നു
- പ്രധാനമന്ത്രി നരേന്ദ്ര മോദി