sourabh-bahuguna

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മന്ത്രി സൗരഭ് ബഹുഗുണയെ കൊലപ്പെടുത്താൻ ജയിലിൽ ഗൂഢാലോചന നടത്തിയ നാല് പേർ അറസ്റ്റിൽ. മന്ത്രി കാരണം ജയിലിലായെന്ന് ആരോപിച്ച് ഹീരാ സിംഗ് എന്നയാളുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നത്. ഇയാൾ രാപൂരിലെ ഹൽദ്വാനി ജയിലിൽ കഴിയുമ്പോഴാണ് ഉത്തർപ്രദേശിൽ നിന്നുള്ള ചില ഷൂട്ടർമാരെ ബന്ധപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

ധാന്യ മോഷണം, അനധികൃത ഖനനം തുടങ്ങിയ കേസുകളിൽ ജയിലിലായ ഹിരാ സിംഗ് മയക്കുമരുന്ന് കേസ് പ്രതിയായ സത്‌നാം സിംഗുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയത്. മന്ത്രിയെ കൊല്ലാൻ എത്ര തുക വേണമെങ്കിലും ചെലവാക്കാമെന്ന് ഹിരാ സിംഗ് പറഞ്ഞിരുന്നു. ഉത്തർപ്രദേശിലെ ഷൂട്ടർമാരുമായി ബന്ധമുള്ള മുഹമ്മദ് അസീസ് എന്ന ഗുഡ്ഡുവിനെ സുഹൃത്ത് ഹർഭജൻ സിംഗ് വഴി ഏർപ്പെടാക്കാമെന്ന് സത്‌നാം സിംഗ് ഏറ്റു. 20,00,000 രൂപയ്ക്ക് കരാർ ഉറപ്പിച്ചു. പിന്നീട് ജയിലിൽ നിന്നിറങ്ങിയ ഹിരാ സിംഗ് ഷൂട്ടർമാർക്ക് നൽകാൻ 5,70,000 രൂപ മുൻകൂറായി നൽകി. പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനിടെയാണ് പ്രതികൾ പിടിയിലായത്.